ഒന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആദ്യമായി ഒരുമിച്ചു നടത്തുന്ന ഈ വർഷത്തെ സംസ്ഥാന തല സ്‌കൂൾ പ്രവേശനോത്സവം ജൂൺ ആറിന് ചെമ്പൂച്ചിറ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഒന്നിലും പതിനൊന്നിലും പ്രവേശനം നേടിയ കുട്ടികളെ സ്‌കൂളിലേക്ക് വരവേൽക്കും. തുടർന്ന് 9.25 നാണ് മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അദ്ധ്യക്ഷത വഹിക്കും. തദ്ദേശ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ, ടി എൻ പ്രതാപൻ എം പി എന്നിവർ മുഖ്യാതിഥികളാകും. എംഎൽഎമാരായ ബി ഡി ദേവസ്സി, മുരളി പെരുനെല്ലി, കെ വി അബ്ദുൾ ഖാദർ, ഗീതാഗോപി, അഡ്വ വി ആർ സുനിൽകുമാർ, യു ആർ പ്രദീപ്, അഡ്വ കെ രാജൻ, ഇ ടി ടൈസൺ മാസ്റ്റർ, പ്രൊഫ കെ യു അരുണൻ, അനിൽ അക്കര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് എന്നിവർ ആശംസ നേരും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു, ജില്ലാ കളക്ടർ ടി വി അനുപമ, ഹയർ സെക്കണ്ടറി ഡയറക്ടർ ഡോ. പി കെ ജയശ്രീ, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടർ എ ഫറൂഖ് തുടങ്ങിയവർ പങ്കെടുക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാൻ സ്വാഗതവും സമഗ്രശിക്ഷാ കേരള സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ നന്ദിയും പറയും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയർമാനും പ്രോജക്ട് ഡയറക്ടർ ജനറൽ കൺവീനറായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.