ലഹരി മാഫിയെ ജനകീയമായി നേരിടും :
മുഖ്യമന്ത്രി പിണറായി വിജയൻ
ഭാവിതലമുറയെ ഇല്ലാതാകാൻ ശ്രമിക്കുന്ന ലഹരി മാഫിയെ ജനകീയമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പ്രവേശനോത്സവം തൃശൂരിലെ ചെമ്പൂച്ചിറ ഗവ. എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഊർജസ്വലമായ ഒരു യുവതയെ ഇല്ലാതാക്കാനുളള ശ്രമമാണ് ലഹരി മാഫിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്നത്. വലിയ വേരുകളാണ് ഇവർക്കുളളത്. ഇത്തരക്കാരെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ പ്രചാരണം നടത്തി നേരിടും-മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്‌കൂളിൽ വലിയ മാറ്റങ്ങളാണുണ്ടായത്. എന്നാൽ ഈ മാറ്റം എയ്ഡഡ് മേഖലയിൽ ഉണ്ടായിട്ടില്ല. എയ്ഡഡ് മേഖലയുടെ അഭിവൃദ്ധിക്കായി ചെലവാകുന്ന തുകയിൽ ഒരു കോടി രൂപ വരെ നൽകാൻ തയ്യാറാണെന്ന സർക്കാറിന്റെ വാഗ്ദാനം എത്ര എയ്ഡഡ് വിദ്യാലയങ്ങൾ പാലിച്ചു എന്നത് പരിശോധിക്കണം. അഭിവൃദ്ധിപ്പെടാത്ത തുരുത്തുകളായി മാറാൻ ഒരു എയ്ഡഡ് വിദ്യാലയത്തേയും അനുവദിക്കരുത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തോടു മുഖം തിരിച്ചു നിൽക്കുന്നത് സമൂഹത്തോട് ചെയ്യുന്ന നീതികേടാവും. നാടിന്റെ വിഭവശേഷി കൂടി ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തണം. കുട്ടികളെ പ്രതികരണ ശേഷിയുളളവരാക്കി മാറ്റാൻ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നീന്തൽ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.
നീന്തൽ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതിനോടനുബന്ധിച്ച മുഖ്യമന്ത്രി സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും നീന്തൽകുളങ്ങൾ നിർമ്മിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. ഒന്നാംതരം മുതൽ 12-ാം തരം ഒറ്റ യൂണിറ്റ് എന്ന സങ്കൽപം വിദ്യാലയങ്ങളിൽ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുമെന്നും അക്കാദമിക മികവ് കൈവരിക്കാർ ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളീയ വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിന് ഈ പരിഷ്‌ക്കരണം സഹായിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനുളള ജനകീയ പിന്തുണ തുടരണം. വിദ്യാഭ്യാസ രംഗത്ത് അക്കാദമിക ആസൂത്രണം സാധ്യമായതാണ് ഈ വർഷത്തെ പ്രത്യേകത. ഇതിന്റെ മുന്നോടിയായി അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഓണാവധിക്ക് മുൻപ് സംസ്ഥാനത്തെ ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകൾ ഹൈടെക് ആയി മാറും. ഇന്ത്യയിലെ ആദ്യ ഹൈടെക് സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. രണ്ട് വർഷത്തിനുളളിൽ ഉത്തര, ദക്ഷിണ, മധ്യ മേഖകളിൽ അന്താരാഷ്ട്ര നിലവാരത്തിലുളള മൂന്ന് നീന്തൽകുളങ്ങൾ നിർമ്മിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി.
കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ജൈവപച്ചക്കറി വ്യാപിക്കാനുളള പദ്ധതികൾ മുന്നോട്ട് പോകുന്നുവെന്നും വിദ്യാലയങ്ങളിലെ കാർഷിക ക്ലബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും മന്ത്രി.
ഒന്നാം ക്ലാസ്സിലും പതിനൊന്നാം ക്ലാസ്സിലും പ്രവേശനം നേടിയ കുട്ടികളെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വരവേറ്റതോടെയാണ് പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കമായത്. പതിനൊന്നാം ക്ലാസ്സിലെ വിദ്യാർത്ഥികളുമായി മന്ത്രി സംവദിച്ചു. തുടർന്ന് ഒന്നാം തരത്തിലെ മുഴുവൻ കുട്ടികൾക്കും കുരുത്തോല തൊപ്പി കൈമാറി. 11-ാം തരം വിദ്യാർത്ഥികൾക്ക് പുസത്കങ്ങൾ നൽകി. തുടർന്ന് മുരുകൻ കാട്ടാക്കടയെഴുതിയ ഗാനത്തോടെ പ്രവേശനോത്സവത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തോടെ ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായി.
എംഎൽഎ മാരായ ഇ ടി ടൈസൺമാസ്റ്റർ, പ്രൊഫ. കെ യു അരുണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടർ ടി വി അനുപമ, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്, സീമാറ്റ് ഡയറക്ടർ ഡോ. എം എ ലാൽ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സിഇഒ ജെസി ജോസഫ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജുള അരുണൻ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു സ്വാഗതവും സമഗ്ര ശിക്ഷാ പ്രോജക്ട് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.