ആധുനിക വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്നും പൊതു വിദ്യാഭ്യാസ മന്ത്രി.പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാലയസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എയ്ഡഡ് വിദ്യാലയങ്ങളുടെ നവീകരണത്തിന് സംസ്ഥാന ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യ സ്‌കൂള്‍ കെട്ടിടം കണ്ടശ്ശാംകടവ് സേക്രട്ട് ഹാര്‍ട്ട് ഓഫ് മേരീസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടേമുക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചലഞ്ച് ഫണ്ടായി നല്‍കിയത്. മൂന്ന് നിലകളിലായി ആധുനിക രീതിയിലുള്ള 18 ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിലുള്ളത്.
കേരളത്തിന്റെ സംസ്‌ക്കാരവും തനിമയും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ പദ്ധതി എന്നതാണ് ആധുനിക വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ക്ലാസിന് പകരം കുട്ടിയെ യൂണിറ്റായി കേന്ദ്രീകരിച്ചുള്ള പാഠ്യക്രമങ്ങളാണ് അതിന്റെ പ്രത്യേകത. പഠിച്ചതിന്റെ പിന്നലെ യുക്തി എന്ത് എന്ന് മനസ്സിലാക്കി കൊണ്ടുള്ള പഠനരീതിയാണ് പിന്തുടരുക. ഒരു കാര്യം ഗ്രഹിക്കുമ്പോള്‍ എന്തിനാണ്, എന്തുകൊണ്ടാണ് എന്ന തിരിച്ചറിവ് കൂടെ കുട്ടിക്കു ലഭിക്കും വിധമാണ് ആധുനിക വിദ്യാഭ്യസ പദ്ധതി ചിട്ടപ്പെടുത്തുക. അക്കാദമികമായി മികവിന്റെ പ്രഭാതത്തിലാണ് കേരളം. മികവിന്റെ ആദ്യ വര്‍ഷമാണിത്. വിദ്യാഭ്യാസ കലണ്ടറിന് രൂപം നല്‍കികൊണ്ട് കൃത്യമായ അധ്യയനം ആസൂത്രണം നടന്ന വര്‍ഷം. കേരളത്തിന്റെ വിദ്യാഭ്യാസ പദ്ധതി അനന്യമായി മാറാന്‍ പോകുകയാണ്. പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഓണാവധിക്ക് മുന്‍പ് വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്നും അതിനുതകും വിധം മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. 700 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. ഇതില്‍ 420 കോടി രൂപ സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കായി മാറ്റിവെച്ചു. സര്‍ക്കാര്‍, എയ്ഡഡ് വ്യത്യാസമില്ലാതെ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വ്യക്തമാക്കി.
മുരളി പെരുനെല്ലി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പുതിയ കെട്ടിടത്തിലെ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണ് സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കിയത്. പുതിയ കെട്ടിടത്തിന്റെ ആശിര്‍വാദം തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍.ടോണി നീലങ്കാവില്‍ നിര്‍വഹിച്ചു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അനീജ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മണലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ജി. ശശി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. സാന്നിധ്യ, മറ്റ് ജനപ്രതിനിധികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ച്. പി.ടി.എ പ്രസിഡണ്ട് റോബിന്‍ വടക്കേത്തല സ്വാഗതവും സ്റ്റാഫ് പ്രതിനിധി സിമ പെരുമാറ്റില്‍ നന്ദിയും പറഞ്ഞു.