എല്ലാ മേഖലകളിലും മികച്ച വിദ്യാർത്ഥികളെ സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ലക്ഷ്യമെന്നും അതിനായി ലഹരി വസ്തുക്കൾ കടക്കാത്ത ഡ്രഗ് ഫ്രീ ക്യാമ്പസ്‌ എന്ന പദ്ധതി ഉടൻ പ്രാവർത്തികമാക്കുന്നെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. നാട്ടിക നിയോജകമണ്ഡലം എം എൽ എ വിദ്യാഭ്യാസ പുരസ്ക്കാരം പ്രബുദ്ധം 2019 ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിൽ അത്യാധുനിക നിലവാരത്തിലുള്ള പാഠ്യപദ്ധതിയാണ് കേരളത്തിലേതെന്നും രാജ്യത്തിലാദ്യമായി പാഠപുസ്തകങ്ങളിൽ ക്യു ആർ കോഡ് സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ആഴത്തിലുള്ള വായന, അന്വേഷണ ത്വര, അറിവിനായുള്ള ചോദ്യങ്ങൾ ഉന്നയിക്കാനുള്ള പാടവം എന്നിവയാണ് മികച്ച വിദ്യാർത്ഥി കൾക്ക് ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാട്ടിക നിയോജക മണ്ഡലത്തിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും സാഹിത്യ രംഗത്ത് കയ്യൊപ്പു ചാർത്തിയ വലപ്പാട് ബാപ്പുട്ടി, ആതുര സേവനരംഗത്തു അവാർഡിനർഹയായ അജിതാദേവി, പ്രളയസമയത്ത്‌ മികച്ച പ്രവർത്തനം കാഴ്ചവെച്ച സാമൂഹ്യപ്രവർത്തക ആര്യ ഭരതൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഗീത ഗോപി എം എൽ എ അധ്യക്ഷയായി. അഡ്വ കെ രാജൻ എം എൽ എ മുഖ്യതിഥിയായി. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ്‌ എൻ കെ ഉദയപ്രകാശ്, അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി സി ശ്രീദേവി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഐ സജിത (തളിക്കുളം), പി എസ് രാധാകൃഷ്ണൻ (താന്ന്യം), ഇ കെ തോമസ് മാസ്റ്റർ (വലപ്പാട്), പി എം അഹമ്മദ്, കെ എം ജയദേവൻ, ഇ എ സുഗതകുമാർ, പഞ്ചായത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.