തൃക്കൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണുമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഒരു വർഷത്തിനുള്ളിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. ഇതിനായുള്ള നടപടികൾ ഉടൻതന്നെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാലതാമസമില്ലാതെ കുടിവെള്ളം എല്ലാവരിലേക്കും എത്തിക്കും. തൃക്കൂർ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ പഞ്ചായത്തിലെ എല്ലാ റോഡുകളും മെക്കാഡം ടാറിങ് നടത്തും. പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും.
ഐ എസ് ഒ അംഗീകാരത്തിന്റെ നിറവിൽ നിൽക്കുന്ന പഞ്ചായത്തിന്റെ സമസ്ത മേഖലയിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ പടിയായി മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തും. പഞ്ചായത്തിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവർക്ക് കാലതാമസം കൂടാതെ സേവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം ഓരോ പഞ്ചായത്ത് അധികൃതരുടെയും ഉത്തരവാദിത്തമായി മാറുന്ന അവസ്ഥയുണ്ടാകും. ജില്ലയിലെ ജന സൗഹൃദ പഞ്ചായത്തുകളിലൊന്നായി തൃക്കൂർ ഗ്രാമപഞ്ചായത്ത് മാറുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ. സുധ വിഷയാവതരണം നടത്തി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി വർഗീസ് കുന്നൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എം അജിത് എന്നിവർ സംസാരിച്ചു. പഞ്ചായത്ത്അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്കെ സി സന്തോഷ് സ്വാഗതവും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി വർഗീസ് കുന്നൻ നന്ദിയും പറഞ്ഞു.