കാർഷിക പദ്ധതികൾ കുടുംബശ്രീ ഏറ്റെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇതിന്റെ ഭാഗമായി ഓരോ കുടുംബശ്രീ കൂട്ടായ്മക്കും കൃഷി ചെയ്യാനുള്ള അവസരം ഒരുക്കും. ഉറച്ച മനസുമായി പുതിയൊരു കാർഷിക വിപ്ലവത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കുടുംബ ശ്രീയെന്നും പറഞ്ഞു. അന്നമനട ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാമതു കുടുംബശ്രീ സിഡിഎസ് വാർഷികം അരങ്ങ് 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കച്ചവട സാദ്ധ്യത മാത്രം മുന്നിൽകണ്ട് കൃഷി ഏറ്റെടുത്തു നടത്തുന്ന വൻ കുത്തകകളുടെ കൈയ്യിലാണ് നമ്മുടെ കാർഷിക രംഗം. പൂർണ്ണമായും രാസകീട നാശിനി പ്രയോഗിച്ചു കൃഷി ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. അശാസ്ത്രീയമായ കൃഷി രീതികൾ കൊണ്ട് അന്തരീക്ഷം മലിനമാകുന്നു. മണ്ണും ജലവും മലിനീകരിക്കപ്പെടുക വഴി പല മാരക രോഗങ്ങളും പിടിപെടുന്നു. മനുഷ്യരാശിക്ക് നാശം വരുത്തുന്ന ഇത്തരം അവസ്ഥക്ക് മാറ്റം കൊണ്ടുവരൻ കുടുംബശ്രീ കൃഷിയിലേക്ക് എത്തുന്നതിലൂടെ സാധിക്കും. ജൈവ കൃഷിരീതിക്ക് ഊന്നൽ കൊടുത്തുകൊണ്ടായിരിക്കും കുടുംബശ്രീ കാർഷിക പദ്ധതികളുമായി മുന്നോട്ട് പോവുക. കച്ചവടം എന്നതിലുപരിയായി കൃഷി നമ്മുടെ സംസ്‌കാരമാണ് എന്നതിരിച്ചറിവിലൂന്നിയുള്ളപ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കും. നല്ല രീതിയിൽ കൃഷി ചെയ്തു നല്ല വരുമാനം കിട്ടുന്ന രീതിയിലേക്ക് വിപണന സൗകര്യമൊരുക്കും. വിഷരഹിതമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പല ആരോഗ്യ പ്രശനങ്ങൾക്കും പരിഹാരം കാണാൻ കഴിയും. കൃഷി രീതിയിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരാൻ കുടുംബശ്രീയുടെ കാർഷിക ഇടപെടലിനാകുമെന്നും അദ്ദേഹം പറഞ്ഞു.

വി ആർ സുനിൽ കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻ കുട്ടി മുഖ്യാതിഥിയായി. അരങ്ങ് 2019 ന്റെ ഭാഗമായി മുഴുവൻ സിഡിഎസ് അംഗങ്ങളും പഞ്ചായത്ത് പ്രതിനിധികളും അണിനിരന്ന ഘോഷയാത്ര നടത്തി. സി ഡി എസ് വൈസ് ചെയർപേഴ്‌സൺ ഷീജ സദാനന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു, പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും എംബിബിഎസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സ് കരസ്ഥമാക്കിയ ആര്യ ഉണ്ണിക്കും പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് ഉപഹാര സമർപ്പണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ഗോപി ആശ്രയ കിറ്റ് വിതരണം നടത്തി. പ്രളയ കാലത്തെ രക്ഷാ പ്രവർത്തനങ്ങൾക്കായി ആർകെഎൽഎസ് ലോൺ പദ്ധതി പ്രകാരം പഞ്ചായത്തിന്റെ ഒപ്പം നിന്ന് സഹായിച്ച ജില്ലാ സഹകരണ ബാങ്കിന് ആദരസൂചകമായി നൽകിയ ഉപഹാരം അന്നമനട ബ്രാഞ്ച് മാനേജർ എ സി അനിതാ കുമാരി ഏറ്റുവാങ്ങി. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ഒ പൗലോസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനിത ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബേബി പൗലോസ് തുടങ്ങിയവർ ആശംസ നേർന്നു. പഞ്ചായത്ത് വാർഡ് ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മുൻ സിഡിഎസ് ചെയർപേഴ്‌സൺമാർ തുടങ്ങിയവർ പങ്കെടുത്തു. സി ഡി എസ് ചെയർപേഴ്‌സൺ ഷിനി സുധാകരൻ സ്വാഗതവും സാമൂഹ്യ ഉപസമിതി കൺവീനർ സിന്ധു ജയൻ നന്ദിയും പറഞ്ഞു.