പ്രളയ പുനഃനിർമ്മാണം; ജില്ലാ തല അവലോകന യോഗം ചേർന്നു

കാക്കനാട്: ജില്ലയിലെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങൾ സജീവമാക്കാൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വെള്ളപ്പൊക്ക കെടുതിക്കിരയായവർക്കുള്ള അടിയന്തര ധന സഹായമായ 10000 രൂപ അടുത്ത മാസം ഏഴിനകം നൽകും. അർഹരായ എല്ലാവർക്കും ധനസഹായം ലഭിക്കുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.

കെടുതിക്കിരയായവരെ തിരഞ്ഞെടുക്കുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവരെന്നോ എത്താത്തവരെന്നോ വിവേചനമുണ്ടാകരുതെന്നും മന്ത്രി നിർദ്ദേശിച്ചു.  പൂർണ്ണമായും ഭാഗീകമായും തകർന്ന വീടുകൾ പരിശോധിച്ച് കണക്കെടുക്കുന്നതിന് റവന്യൂ – പഞ്ചായത്ത് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിക്കും. ഇവർ ഓരോ വീടുകളിലുമെത്തി വിവരങ്ങൾ ശേഖരിക്കും. വീടുകളുടെ പുനർ നിർമ്മാണത്തോടൊപ്പം ജില്ലയിൽ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ ഭാവിയിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കർമ്മ പദ്ധതി നടപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമല്ലാത്തത് പല സ്ഥലങ്ങളിലും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. രണ്ട് വെള്ളപ്പൊക്കം ഉണ്ടായതോടെ ഈ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് ബന്ധപ്പെട്ട മേഖലകളിലുള്ളവർക്കറിയാം. പ്രാദേശിക തലത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഈ പ്രവർത്തികൾക്ക് ചുക്കാൻ പിടിക്കണം. ഇത് വഴി ഭാവിയിൽ വെള്ളക്കെട്ട് വഴിയുള്ള പ്രയാസങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഓണത്തിന് ശേഷം ജില്ലാതലത്തിൽ ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും മന്ത്രി നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ, ജില്ല കളക്ടർ എസ്.സുഹാസ് എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.