യഥാർത്ഥ പ്രവർത്തനം കൊണ്ട് സമൂഹത്തിൽ അംഗീകാരം നേടിയെടുക്കാൻ സാധിച്ച ഏറ്റവും വലിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. കുടുംബശ്രീ 21-ാം ജില്ലാതല വാർഷികോത്സവത്തിന്റെ ഭാഗമായുളള ജില്ലാ കലോത്സവം അരങ്ങ് 2019 സമാപനം സമ്മേളനം തൃശ്ശൂർ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചതു മുതലുളള വളർച്ച അതിശയിപ്പിക്കുന്നതാണ്. സ്ത്രീശാക്തീകരണത്തിൽ വലിയ കുതിച്ച ചാട്ടത്തിനാണ് കുടുംബശ്രീ വഴിയൊരുക്കുന്നത്. കുടുംബശ്രീയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കൊപ്പം അരങ്ങ് 2019 പോലെയുളള കലാമേളകൾക്ക് വലിയ പ്രാധാന്യമാണുളളത്. സർഗ്ഗശേഷിയുടെ വികാസമാണ് ഇത്തരം മേളകൾ ലക്ഷ്യം വയ്ക്കുന്നത്. ഇത് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ ശക്തി പകരും. സമൂഹത്തിൽ വലിയ വിശ്വാസ്യത കൈവരിക്കാൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്ന ഏജൻസികളെ സംബന്ധിച്ച് ചർച്ച വരുമ്പോൾ ഏറ്റവും ആദ്യം ഉയർന്നു കേൾക്കുന്ന പേര് കുടുംബശ്രീയുടേതാണ്. ഇത് ഈ പ്രസ്ഥാനത്തിനുളള വലിയ അംഗീകാരമാണ്. ഇന്ന് വിവിധ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കുടുംബശ്രീക്കാകും. ഇത്തരം കലാമേളകൾ ഇതിനുളള ശക്തി പകരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ മികച്ച സിഡിഎസിനുളള പുരസ്‌ക്കാരം നടത്തറ സിഡിഎസിന് മന്ത്രി സമ്മാനിച്ചു. ധനകാര്യ സ്ഥാപനങ്ങളെയും സംരംഭകരെയും എന്നിവരെയും മന്ത്രി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ അജിത വിജയൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ കെ സതീശൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പത്മിനി ടീച്ചർ, ജെന്നി ജോസഫ്, കെ ജെ ഡിക്‌സൺ, ജില്ലാ പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാർ, അസി. കോർഡിനേറ്റർമാരായ കെ രാധാകൃഷ്ണൻ, എം എ ബൈജു മുഹമ്മദ്, പി വത്സല തുടങ്ങിയവർ പങ്കെടുത്തു.