ലിറ്റിൽ കൈറ്റ്‌സ് അമ്മമാർക്കുള്ള പരിശീലനം ആരംഭിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് നൽകുന്ന ഹൈടെക്ക് പരിശീലന പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു. സ്‌കൂൾ കവാടങ്ങളിൽ ക്യൂ ആർ കോഡുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്താനും സമഗ്ര പോർട്ടൽ, പാഠപുസ്തകത്തിലെ ക്യൂ ആർ കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യമൊരുക്കുകയുമാണ് പരിശീലന പദ്ധതിയുടെ ലക്ഷ്യം. വീടുകളിലുള്ള സ്മാർട്ട്‌ഫോണുകൾ വിദ്യാർത്ഥിയുടെ പഠന പ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പരിശീലത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പരിശീലനത്തിന് ആവശ്യം വരുന്ന ആപ്പുകൾ മുൻകൂട്ടി രക്ഷിതാക്കൾക്ക് അയച്ചുകൊടുക്കും. പരിശീലനത്തിനായി രക്ഷിതാക്കൾ സ്മാർട്ട് ഫോണുകളുമായാണ് എത്തേണ്ടത് എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
പരിഷ്‌കരിച്ച ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് റിസോഴ്‌സുകൾ ഉപയോഗിക്കുന്ന വിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ് റൂം പഠനരീതി പരിചയപ്പെടൽ, സമഗ്ര പോർട്ടലിലെ പഠനവിഭവങ്ങൾ ഉപയോഗിക്കുന്ന വിധം, വിക്ടേഴ്‌സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയാണ് പരിശീലനത്തിലെ വിവിധ സെഷനുകളിലായി അമ്മമാരെ പരിചയപ്പെടുത്തുന്നത്. ഇതോടൊപ്പം ഓരോ സ്‌കൂളിന്റെയും സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന സമേതം വെബ്‌സൈറ്റിന്റെ (www.sametham.kite.kerala.gov.in) ലിങ്കാണ് ക്യൂ ആർ കോഡ് രൂപത്തിൽ സ്‌കൂൾ കവാടങ്ങളിൽ സ്ഥാപിക്കുക. ഇതിലൂടെ സ്‌കൂൾവിക്കി (www.schoolwiki.in) വെബ്‌സൈറ്റുകളും ആർക്കും പരിശോധിക്കാൻ കഴിയും.
മാതാപിതാക്കൾക്ക് കുട്ടികളുടെ ആധുനിക വിദ്യാഭ്യാസരീതിയിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാലയങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും നാൾക്കുനാൾ പുരോഗതി പ്രാപിച്ചു വരികയാണ്. ഈ മാറ്റം രക്ഷിതാക്കൾക്കും ഉൾക്കൊള്ളാനായാൽ മാത്രമേ കുട്ടികളുടെ വളർച്ച പൂർണമാകൂ. കുട്ടികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും ആവശ്യമായ പരിശീലനം ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമന്നും മന്ത്രി കൂട്ടിച്ചേർത്തു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു മുഖ്യപ്രഭാഷണം നടത്തി. കൈറ്റ് വൈസ് ചെയർമാൻ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ അൻവർ സാദത്ത് സ്വാഗതവും കൈറ്റ് സ്‌റ്റേറ്റ് കോർഡിനേറ്റർ മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.