കുട്ടികളെ ശാസ്ത്രജ്ഞരാക്കാൻ സർക്കാർ പദ്ധതി ആവിഷ്‌കരിക്കുന്നു. ഈ ശാസ്ത്രമേളയിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികളെയാണ് ഇതിനായി പരിശീലിപ്പിക്കുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വ്യക്തമാക്കി. വളരെ മികച്ച പരിശീലനം നൽകി ചുരുങ്ങിയ കാലയളവിനുള്ളിൽ അവരെ പുതിയ ശാസ്ത്രമേഖലകളിലെത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ശാസ്ത്രമേളയിലെ അന്വേഷണ ഭാവനയുള്ള ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളിലെ 30 വീതം കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് ജനകീയ വേദികളിൽ ശാസ്ത്ര മികവുകൾ അവതരിപ്പിക്കാൻ അവസരം ഉണ്ടാക്കും. അവരിൽ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുത്താണ് ശാസ്ത്രജ്ഞരായി വളർത്തിയെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനുള്ള പ്രവർത്തന പദ്ധതികൾ നടപ്പിലാക്കാൻ ഡി ജി ഇ തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ഈ ശാസ്ത്രമേളയിൽ നിന്ന് അന്വേഷണാത്മകതയും ഭാവനയുമുള്ള കുട്ടികളെ കണ്ടെത്താൻ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തുടർന്ന് അവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന മൂന്ന് പേരുടെ കഴിവുകൾ റിയാലിറ്റി ഷോ പോലുള്ള പരിപാടികളിൽ അവതരിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.