*മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

*ഭരണഭാഷാ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
സാമൂഹികവികസനത്തിൽ ഭാഷയ്ക്ക് സുപ്രധാനമായ പങ്കാണുള്ളതെന്നും മാതൃഭാഷയുടെ പ്രാധാന്യം ഏവരും തിരിച്ചറിയണമെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. സെക്രട്ടേറിയറ്റ് ദർബാർഹാളിൽ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികജീവിതത്തിൽ ഭാഷയ്ക്ക് വലിയ പങ്കുണ്ട്. ജീവിത്തിന്റെ എല്ലാ മേഖലകളിലെയും ഉന്നമനത്തിന് ഭാഷ അത്യന്താപേക്ഷിതമാണ്. ഹൃദയബന്ധവും അതിലൂടെ മനുഷ്യബന്ധവും ശക്തമാകുന്നത് ഭാഷയിലൂടെയാണ്‌. ഇത് സാക്ഷാത്കരിക്കുന്നതിലൂടെ മാത്രമേ മതനിരപേക്ഷതയും സാധ്യമാകുവെന്നും മന്ത്രി പറഞ്ഞു. ഭാഷയിൽ നിന്ന് സാഹിത്യ, ശാസ്ത്ര, ദാർശനിക ലോകത്തേക്ക് എത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിമന്ത്രി അഡ്വ.വി. എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്‌കാരത്തിന്റെ മറുവാക്കാണ് ഭാഷയെന്നും സംസാരത്തിന്റെ മാത്രമല്ല സംസ്‌കാരത്തിന്റയും ശക്തിയായി ഭാഷ മാറണമെന്നും മന്ത്രി പറഞ്ഞു. മാതൃവാത്സല്യമാണ് മാതൃഭാഷ. അത് സംരക്ഷിക്കുന്നതിനുള്ള കർമപദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകൾക്ക് സാഹിത്യകാരൻമാരായ യു. എ. ഖാദർ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി എന്നിവരെ വിദ്യാഭ്യാസമന്ത്രി ആദരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് പ്രസിദ്ധീകരണമായ സമകാലിക ജനപഥം ഭരണഭാഷാ പതിപ്പ്, മലയാളം എന്റെ അവകാശം എന്നിവയുടെ പ്രകാശനവും നടന്നു. ഈ വർഷത്തെ ഭരണഭാഷാ പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിച്ചു.
റവന്യൂ വകുപ്പ് മികച്ച വകുപ്പിനുള്ള പുരസ്‌കാരത്തിനർഹമായി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ലാൻഡ് റവന്യു കമ്മീഷണർ സി. എ. ലത എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.   മികച്ച ജില്ലയായി തിരഞ്ഞെടുത്ത കണ്ണൂരിനുള്ള പുരസ്‌കാരം കളക്ടർ ടി. വി. സുഭാഷ് ഏറ്റുവാങ്ങി.
ഭരണഭാഷാ സേവന പുരസ്‌കാരം ക്ലാസ് 1 വിഭാഗത്തിൽ പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീവൃന്ദാനായർ,  രണ്ടാം സ്ഥാനത്തിനർഹയായ സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി ഗീത. കെ, ക്ലാസ് 3 വിഭാഗത്തിൽ പത്തനംതിട്ട കളക്ട്രേറ്റ് സീനിയർ ക്ലാർക്ക് അഭിലാഷ് ആർ, കണ്ണൂർ കളക്ട്രേറ്റ് സീനിയർ ക്ലാർക്ക് രാമചന്ദ്രൻ അടുക്കാടൻ, ക്ലാസ് 3 വിഭാഗത്തിൽ ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർമാർക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിൽ പത്തനംതിട്ട കളക്ട്രേറ്റ് സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് അഷറഫ് ഐ, കേരള സർവകലാശാല കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2, ഷീന പി.എസ എന്നിവർക്കുള്ള പുരസ്‌കാരവും സത്സേവനരേഖയും മന്ത്രി സമ്മാനിച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര(ഔദ്യോഗികഭാഷ) വകുപ്പ് സെക്രട്ടറി ഡോ. പി. സുരേഷ്ബാബു, വിവര പൊതുജനസമ്പർക്ക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. ജി. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.