മൂന്ന് മാസത്തിനകം കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി മാറുമെന്നും കേരളത്തിലെ ഒന്ന് മുതൽ രണ്ട് വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയി
മാറുന്നതോടെയാണ് കേരളത്തിന് ഈ പദവി ലഭിക്കുകയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. കൈപ്പമംഗലം ഗവൺമെൻറ് ഫിഷറീസ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് ഇരുനില കെട്ടിടം ഉദ്ഘാടനം
ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനികവിദ്യാഭ്യാസ രംഗത്ത് കേരളം മാതൃക തീർക്കുന്നതിനുള്ള ശ്രമങ്ങളാണ് പൊതുവിദ്യാഭ്യാസ രംഗത്ത് കാഴ്ച വെക്കുന്നത്. മറ്റുള്ളവർക്ക് അനുകരിക്കാൻ ഉതകുന്ന മാതൃക എല്ലാ മേഖലയിലും ഉണ്ടാവണം. കേരളം അത്തരം ഒരു മാതൃകയാണ്. 81.2 ശതമാനം നേടിയാണ് ഇന്ത്യയിൽ കേരളം മാതൃകയായിത്തീർന്നത്. അത് 100% ശതമാനം ആക്കി തീർക്കുവാൻ എല്ലാ മേഖലയിലും ശ്രദ്ധിക്കണം. ഡാറ്റകളുടെ കാര്യത്തിൽ മാത്രമല്ല ദാർശനികതയുടെ കാര്യത്തിലും മാതൃകയാവാൻ ശ്രമിക്കണം. ജനകീയതയും ആധുനികതയും ശാസ്ത്രബോധവും ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് അത്യന്താപേക്ഷിതം. ശാസ്ത്രബോധം വളർത്താൻ മാത്രമേ അന്ധവിശ്വാസങ്ങളെ അകറ്റി നിർത്താനാവൂ. രണ്ടു വർഷത്തിനുള്ളിൽ അത്യന്താധുനിക വിദ്യാഭ്യാസ രംഗത്ത് പുതിയ തലം സൃഷ്ടിക്കാൻ കേരളത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ കെ ഹരികുമാറിന് മന്ത്രി പുരസ്കാരം സമർപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ബി ജി വിഷ്ണു, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡൻറ് കെ കെ സച്ചിത്ത്, മതിലകം ബി പി ഒ ടി എസ് സജീവൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സജി പി എസ്, പി എം അഹമ്മദ് എന്നിവർ പങ്കെടുത്തു.