നിഷ്കളങ്കമായും നിരുപദ്രവകരമായും വായനയെ സമീപിക്കരുതെന്നും അത്തരം വായന ഫ്യൂഡൽ വായനയെ വളർത്താൻ ഉപകരിക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. നിഷ്കളങ്കവും നിരുപദ്രവകരവും ഋജുരേഖയിലുമുള്ള വായന എഴുതിയ ആളുടെ ഉദ്ദേശത്തെ അതേപടി പകർത്താൻ കഴിയുന്നതാണ്. കോർപ്പറേറ്റുകൾ വിദ്യാഭ്യാസരംഗത്തേക്ക് ഇറങ്ങുന്നത് ഇത്തരത്തിലുള്ള വായനാ രീതി പകർത്തി അവർക്ക് വളരുവാൻ വേണ്ടിയാണ്. കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം അത്തരമൊരു വായനക്ക് എതിരാണെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ പദ്ധതിയായ സുമേധയുടെ ഒന്നാം വാർഷികാഘോഷവും കെ.എ.എസ് ബാച്ചിന്റെയും ഉദ്ഘാടനം പെരിഞ്ഞനം ജിയുപിഎസ് സുമേധ ഓഡിറ്റോറിയത്തിൽ അദ്ദേഹം കേക്ക് മുറിച്ച് നിർവഹിച്ചു.

വായനക്ക് കൃത്യമായ ഒരു ദിശാബോധവും രാഷ്ട്രീയവുമുണ്ട്. ഇംഗ്ലീഷ് മാത്രമല്ല മാതൃഭാഷ കൂടി നല്ല രീതിയിൽ അറിഞ്ഞിരിക്കേണ്ടത് പുതുതലമുറയ്ക്ക് അത്യാവശ്യമാണ്. പൊതുവിദ്യാഭ്യാസരംഗം ആധുനികവൽക്കരിച്ചതോടെ കേരളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. ഗൾഫ് മേഖലയിലേക്കുള്ള ആളുകളുടെ കുത്തൊഴുക്ക് കുറഞ്ഞതോടെ വരുംകാലങ്ങളിൽ യുവതലമുറ, ടെക്നോളജിയുടെ കേന്ദ്രമായി മാറാൻ പോകുന്ന കേരളത്തെയാകും സമീപിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ഇ.ടി ടൈസൺമാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബി ജി വിഷ്ണു, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡൻറ് കെ കെ സച്ചിത്ത്, മതിലകം ബി പി ഒ ടി എസ് സജീവൻ, പെരിഞ്ഞനം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ സുധീർ, സുമേധ ക്ലബ്ബ് കൺവീനർ ഇ ആർ ഷീല എന്നിവർ പങ്കെടുത്തു.