പ്രളയകാല പ്രവർത്തനം കൊണ്ട് ജനമനസ്സിൽ പ്രതിഷ്ഠ നേടിയ പ്രസ്ഥാനമാണ് അഗ്നിശമനസേനയെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാദമി ഗ്രൗണ്ടിൽ പരിശീലനാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡിന് അഭിവാദ്യം സ്വീരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അഗ്നിശമനസേന സമൂഹത്തിന്റെ രക്ഷാകർത്താവാണ്. സാമൂഹിക പ്രതിബദ്ധതയോടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ തീരുമാനമെടുക്കണം. പ്രളയവും തീപ്പടുത്തവും തടയാൻ വേണ്ട പ്രവർത്തനങ്ങളിലും അഗ്നിശമനസേനയുടെ ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. 25, 28 ബാച്ച് ഫയർമാൻ ഡ്രൈവർ ഓപ്പറേറ്റർ ലക്ഷദ്വീപ് , 26, 27ബാച്ച് കേരള ഫയർമാൻ മാരുടെയും സംയുക്ത പാസിംഗ് ഔട്ട് പരാഡാണ് നടന്നത്. അക്കാദമിയിലെ നാലാമത്തെ പാസിംഗ് ഔട്ട് പരേഡാണിത്. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർ വിസസിലേക്ക് 214 ഫയർ മാൻമാരും ലക്ഷദ്വീപ് ഫയർ സർവിസസിലേക്ക് 17 ഫയർമാൻ ഡ്രൈവർ ഓപ്പറേറ്റർമാരും ഉൾപ്പെടെ 231 പേരാണ് വിജയകരമായി പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. സാധാരണ ഫയർ ഫൈറ്റിങിന് പുറമെ ശ്വസന സഹായി ഉപയോഗിച്ച് പുക നിറഞ്ഞ അറകളിലും വെള്ളത്തിനടിയിലും സീവേജ് ലൈനുകളിലും രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പരിശീലനം, റബ്ബർ ഡിങ്കി ഔട്ട് ബോർഡ് എൻജിൻ ഉപയോഗിക്കാൻ ഉള്ള പരിശീലനം, ഉയരങ്ങളിൽ നിന്ന് കൊണ്ടുള്ള രക്ഷാപ്രവർത്തനം, ലിഫ്റ്റ് അപകട രക്ഷാപ്രവർത്തനം, വെർട്ടിക്കൽ റോപ്പ് റെസ്‌ക്യൂ, ഹൊറിസോണ്ടൽ റോപ് റെസ്‌ക്യൂ, കമ്പ്യൂട്ടർ, വയർലെസ്സ്, നീന്തൽ, സ്‌കൂബ ഡൈവിംഗ് എന്നീ മേഖലകളിൽ എല്ലാം തന്നെ പ്രവർത്തിക്കാൻ ഇവർ പ്രാപ്തരാണ്. ഇവരെല്ലാം അടിസ്ഥാന യോഗ്യത ആയ പ്ലസ് ടുവിനു പുറമെ എം ഫിൽ, എം ബി എ, എൻ ഇ ടി, എം സി എ, ബി ടെക്, എം ടെക് തുടങ്ങിയ യോഗ്യതകളും ഉള്ളവരാണ്.
ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയ പ്രിയൻ സി – ബെസ്റ്റ് ഔട്‌ഡോർ കേരള, സുനിൽകുമാർ എസ് – ബെസ്റ്റ് ഇൻഡോർ കേരള, രാകേഷ് എസ് മേനോൻ – ബെസ്റ്റ് ആൾറൗണ്ടർ കേരള, മുഹമ്മദ് അലി – ബെസ്റ്റ് ഓൾ റൗണ്ടർ ലക്ഷദീപ് എന്നിവർക്കുള്ള പുരസ്‌കാര വിതരണം മന്തി നിർവഹിച്ചു. ഇതിനു പുറമെ ഹീറ്റ് ആൻഡ് ഹ്യൂമിഡിറ്റി ട്രെയിനിങ് സെന്റർ, വെൽ റെസ്‌ക്യൂ, സീവേജ് റെസ്‌ക്യൂ പരിശീലന കേന്ദ്രങ്ങളുടെയും, മോഡൽ ഫയർ സ്റ്റേഷന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.വിമാന അപകടം നടക്കുമ്പോൾ അഗ്‌നിശമനസേനയുടെ രക്ഷാ പ്രവർത്തന എങ്ങനെ എന്നതിന്റെ പ്രദർശനവും നടന്നു. മേയർ അജിതാ വിജയൻ, ഡയറക്ടർ ജനറൽ എ ഹേമചന്ദ്രൻ ഡി ജി പി, ടെക്നിക്കൽ ഡയറക്ടർ ആർ പ്രസാദ്, അക്കാദമി ഡയറക്ടർ പി ദിലീപൻ തുടങ്ങിയവർ പങ്കെടുത്തു.