പൾസ് പോളിയോ  ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിൽ അഞ്ച് വയസ്സിനു താഴെയുള്ള  കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകി. ഇതിനായി  മൊബൈൽ ബൂത്തുകൾ, ട്രാൻസിറ്റ്ബൂത്തുകൾ എന്നിവ ഉൾപ്പടെ ആകെ 1702 ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. അന്യദേശ തൊഴിലാളികളുടെ കുട്ടികൾക്കും, ആദിവാസി മേഖലയിലെ കുട്ടികൾക്കും  പോളിയോ തുള്ളി മരുന്ന് നൽകി. വിവിധ കാരണങ്ങളാൽ  തുള്ളി മരുന്ന് ലഭിക്കാത്ത കുട്ടികൾക്ക്  പ്രതിരോധം ലഭിച്ചു എന്ന്  ഉറപ്പ് വരുത്തുന്നതിനായി വീട് വീടാന്തരം സന്ദർശിച്ച് ആരോഗ്യ പ്രവർത്തകരും, പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകരും 20നും 21നും കൂടി പ്രവർത്തിച്ച് യജ്ഞം പൂർത്തീകരിക്കുന്നതാണ് .

കുട്ടികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ (പോളിയോമൈലേറ്റിസ്).  പനി , ഛര്‍ദ്ദി , വയറിളക്കം , പേശി വേദന എന്നിവയാണ്   പോളിയോ രോഗ ലക്ഷണങ്ങൾ.രോഗബാധയുണ്ടായാല്‍ ശരീരത്തിന്റെ ഏതെങ്കിലുമൊരു  ഭാഗം  തളര്‍ന്നു പോകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച്  കൈകാലുകളെയാണ് കൂടുതലായും അംഗവൈകല്യം ബാധിക്കുന്നത്. 2000-ല്‍ മലപ്പുറത്താണ് കേരളത്തിൽ  അവസാനമായി പോളിയോരോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിൽ 2011 ൽ പശ്ചിമബംഗാളിൽ അവസാന പോളിയോ രോഗം റിപ്പോർട്ട്   ചെയ്തു. 2014ൽ  ലോകാരോഗ്യസംഘടന ഇന്ത്യ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കുകയുണ്ടായി. എന്നിരുന്നാലും അയൽ രാജ്യങ്ങളായ  അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ  എന്നിവിടങ്ങളിൽ  ഇപ്പോഴും  പോളിയോയുടെ ഭീഷണി നിലനിൽക്കുന്നു എന്നതിനാലും, അന്തർ  ദേശീയ യാത്രകൾ ധാരാളം ഉള്ളതിനാലും പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്.

പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാ തല ഉദ്ഘാടനം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ .സി. രവീന്ദ്രനാഥ് നിർവഹിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജിന്റെ 7 മാസം പ്രായമുള്ള മകൾ ബിനീറ്റാ ഗ്രേസ് ബിനോജിന്‌ പോളിയോ തുള്ളി മരുന്ന് നൽകിക്കൊണ്ടാണ് മന്ത്രി പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കലാപ്രിയ സുരേഷ് ചടങ്ങിൽ അധ്യക്ഷയായി. ഡെപ്യൂട്ടി ഡി എം ഒ കെ. എൻ സതീഷ് പോളിയോ ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ മെഡിക്കൽ ഓഫീസർ കെ. ജെ . റീന മുഖ്യ പ്രഭാഷണം നടത്തി. ഡി പി എം ടി. വി സതീശൻ വിഷയമവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ജെ ഡിക്‌സൺ, പുതുക്കാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി ശിവരാജൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ബിനോജ് ജോർജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.