വാർഷിക പരീക്ഷയിലെ വിജയത്തെ തുടര്‍ന്ന് ജീവിത പരീക്ഷകളുടെ വിജയത്തിന് വേണ്ടി കൂടി മക്കളെ തയ്യാറാക്കണം. ജീവിത പരീക്ഷകളിലെല്ലാം വിജയം നേടണമെന്ന ഉൽക്കടമായ ആഗ്രഹം കുട്ടിയിൽ സർഗ്ഗാത്മകമായി ഉണര്‍ത്തുകയാണ് വേണ്ടത്. വൈവിധ്യമാർന്ന ജീവിത മേഖലകളിലെ പരീക്ഷകൾ അഭിമുഖീകരിക്കുവാനുള്ള കഴിവ് വളര്‍ത്തുന്ന പഠനരീതി അധ്യാപകരും മാതാപിതാക്കളും നല്ലതുപോലെ മനസ്സിലാക്കിയിരിക്കണം. ഏത് പ്രതിസന്ധിഘട്ടവും തരണം ചെയ്യാനുള്ള ആത്മവിശ്വാസമാണ് കുട്ടിയുടെ ഏറ്റവും വലിയ സമ്പത്ത്. അത് കുട്ടിയിൽ വളര്‍ത്തിയെടുക്കുന്നതിനായിരിക്കണം സ്കൂളിലേയും വീട്ടിലേയും ഓരോ അവസരവും യുക്തിഭദ്രമായി ഉപയോഗിക്കേണ്ടത്. സ്വയം മാതൃകയായിക്കൊണ്ട് മാത്രമേ ഈ സംസ്ക്കാരം പകരുവാൻ കഴിയൂ. പ്രതിസന്ധിഘട്ടങ്ങളെ അച്ഛനമ്മമാരും അധ്യാപകരും എങ്ങിനെ അതിജീവിക്കുന്നു എന്ന് കുട്ടികൾ ശ്രദ്ധയോടെ നിഷ്കളങ്കമായി നോക്കിക്കാണുന്നു എന്ന് ഓർക്കണം. അതാണവര്‍ ജീവിതത്തിലേക്ക് പിന്നീട് പകര്‍ത്തുന്നത്. അതുകൊണ്ട് വളരെ ശ്രദ്ധയോടെ ലളിതമായി കരുതലോടെ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് മാതൃകയായ പാഠപുസ്തകമായി സ്വയം മാറണം. സമൂഹത്തോടുള്ള സമീപനം സുപ്രധാനമായ കാര്യമാണ്. മറ്റുള്ളവരുടെ മനസ്സ് തിരിച്ചറിയുവാനും ശരിയായി പ്രതികരിക്കുവാനും കഴിയുന്നത് ജീവിത വിജയത്തിന്റെ മൗലികമായ വശമാണ്. വേദനയാണ് മനുഷ്യന്റെ മുഖ്യഭാവം. അതുണ്ടാകുന്നത് വിവിധ തരത്തിലുള്ള കാരണങ്ങൾ കൊണ്ടാണ്. ജീവിതത്തെ അടിമുടി മാറ്റുന്ന വേദനയെ തിരിച്ചറിയുന്നതാണ് മാനവീകതയുടെ ഉത്തമ ലക്ഷണം. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്നത് ഇങ്ങിനെയാണ്. മറ്റുള്ളവരുടെ വേദന മനസ്സിലാകുകയും അത് എന്റെ വേദനയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നവര്‍ സ്വയം ജീവിത വിജയം നേടുക മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തേയും വിജയത്തിലേക്ക് നയിക്കും. ഈ ചിന്ത കുട്ടിയുടെ മനസ്സിൽ ഉല്പാദിപ്പിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

സഹജീവിയോടുള്ള പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. സ്നേഹ സമ്പാദനത്തിന്റെ ഏറ്റവും വലിയ ഉപകരണമാണ് പെരുമാറ്റ രീതി. മനുഷ്യർ തമ്മിലുള്ള പരസ്പരബന്ധം ഊഷ്മളമാകുന്നത് പെരുമാറ്റ രീതിയിലൂടെയാണെന്നുള്ള ബോധമാണ് വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാന സാംസ്ക്കാരിക ഉൽപ്പന്നം. മാന്യമായ പെരുമാറ്റ രീതിയിലൂടെ കീഴ്പ്പെടുത്തുവാൻ പറ്റാത്ത ഒന്നുമില്ല. പരസ്പരം ആദരവും സ്നേഹവും പ്രകടിപ്പിക്കുന്നത് മനുഷ്യനെന്ന ജീവിയുടെ ഉത്തമ വികാരമാണ്. ഇതെല്ലാം പാഠപുസ്തക വരികളിലൂടെ മാത്രം സമ്പാദിക്കേണ്ട വിവരങ്ങളല്ല, അനുഭവത്തിലൂടെ കൂടി ആര്‍ജ്ജിക്കേണ്ടവയാണ്. അധ്യാപകരും മാതാപിതാക്കളും ക്ലാസ്സിലും കാമ്പസിലും വീട്ടിലും മറ്റിടങ്ങളിലും ഇത്തരം അനുഭവങ്ങൾ പകർന്നു കൊടുക്കുന്ന പാഠപുസ്തകങ്ങളായി മാറേണ്ടതാണ്. എങ്കിൽ നമ്മുടെ മക്കളും നാളെയുടെ മാതൃകാ അധ്യാപകരാകും, തലമുറകൾ ഏറ്റെടുക്കും.

മൂല്യങ്ങൾ നശിക്കുകയല്ല, നശിപ്പിക്കുകയാണ്. അവയെ തിരിച്ചു പിടിക്കുവാൻ ലക്ഷ്യമിടുന്ന വിദ്യാഭ്യാസം അനന്യമായ വിദ്യാഭ്യാസമാണ്. കേരളം അതിന് മാതൃകയാകണം.