കുട്ടികളിലെ യുക്തിബോധത്തെ വളർത്താൻ ശാസ്ത്ര പഠനങ്ങൾക്കാകണമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പാഠ പുസ്തകം, പഠനം പരീക്ഷ എന്നതിനുമപ്പുറമുള്ള അറിവിന്റെ ലോകത്തേക്ക് സഞ്ചരിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. സമഗ്രശിക്ഷ കേരള സംസ്ഥാന തല ഭൗമ ശാസ്ത്ര ലാബിന്റെ ഉദ്ഘാടനം മുപ്ലിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രത്തിലെ ഓരോ വിഷയത്തിനും ഓരോ യുക്തിയുണ്ട്. ശാസ്ത്ര പഠനത്തിലൂടെ അത്തരം ചിന്തകൾ കുട്ടികളിലേക്കെത്തുന്നു. എന്ത്‌കൊണ്ട് അങ്ങനെ സംഭവിക്കുന്നു? എന്ന ചിന്തയിൽ നിന്ന് അറിവിന്റെ പുതിയ തലങ്ങളിലേക്ക് കുട്ടികൾ എത്തിച്ചേരുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്.ഏതു കാര്യവും വിവരിക്കാൻ എളുപ്പമാണ്. അതിനു പിന്നിലെ യുക്തിയാണ് കുട്ടികൾ മനസിലാക്കേണ്ടത്. ഭൗമ ശാസ്ത്ര ലാബ് ഇനി ഓരോ സ്‌കൂളുകളിലും വരുന്നതോടെ കാര്യഗൗരവത്തോടെ ചുറ്റിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ചു മനസിലാക്കൻ സാധിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കാൻ കഴിയും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയിലൂടെ വ്യത്യസ്തമായ പഠന പദ്ധതികൾ നടപ്പിലാക്കി വരുന്നു. ശാസ്ത്രം, ഭാഷ, ചരിത്രം എന്നിവയെ സംബന്ധിച്ച് വ്യത്യസ്തവും പഠനത്തിന് സഹായകരവുമായ പദ്ധതിയുമായാണ് സമഗ്ര ശിക്ഷ കേരള മുന്നോട്ട് പോകുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയമാറ്റത്തിന് ഇത് വഴിതെളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അംഗം കെ ജെ ഡിക്സൺ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാ പ്രിയ സുരേഷ്, വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചു ഗോവിന്ദൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എസ് എസ് കെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോ എ പി കുട്ടികൃഷ്ണൻ, തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ ഗീത, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ആർ ജയശ്രീ, സ്‌കൂൾ പ്രിൻസിപ്പൽ കെ സൗദാമിനി, കൊടകര ബി പി ഒ, ബി ആർ സി കെ നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.

The inauguration of the Kerala State Level Geosciences Lab
കേരള സംസ്ഥാന തല ഭൗമ ശാസ്ത്ര ലാബിന്റെ ഉദ്ഘാടനം