പൊതു വിദ്യാലയങ്ങളിൽ സൗകര്യമുള്ള ക്ലാസ്സ് മുറികളൊരുക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. പഠിക്കാനായി ക്ലാസ്സ് മുറി ഇല്ല എന്ന പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങാലൂർ ജി എൽ പി സ്‌കൂൾ പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും കെട്ടിട നിർമ്മാണത്തിന്റെ രണ്ടാംഘട്ട ശിലാസ്ഥാപനവും നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു സർക്കാർ സ്‌കൂളിലും ഒരു കുറവും ഉണ്ടെന്ന് പറയിപ്പിക്കാത്ത തരത്തിലുള്ള പദ്ധതി പ്രവർത്തനങ്ങളുമായാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും മറ്റ് കാര്യങ്ങളും മുന്നോട്ട് പോകുന്നത്. അന്താരാഷ്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ കുട്ടികൾക്ക് നൽകാൻ സാധിക്കണം. പൊതു വിദ്യാലയങ്ങളിൽ ഒരു കുറവും ഇല്ല എന്ന് പൊതു ജനം പറയുന്ന രീതിയിൽ അവിടത്തെ അദ്ധ്യാപകരും സ്‌കൂൾ പി ടി എ യും ചേർന്ന് പരിശ്രമിക്കണം. അതിന് വേണ്ടി വരുന്ന എല്ലാ സഹായങ്ങളും നൽകാൻ സർക്കാർ ഒപ്പമുണ്ട്. ഒരു ലക്ഷം ക്ലാസ്സ് മുറികളിൽ ക്ലാസ്സ് ലൈബ്രറികളൊരുക്കി അറിവിന്റെ പുതിയ തലത്തിലേക്ക് ഓരോ സ്‌കൂളിനെയും കൊണ്ട് വരുന്ന പദ്ധതിയുമായി മുൻപോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാ പ്രിയ സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ ജെ ഡിക്സൺ എന്നിവർ മുഖ്യാതിഥികളായി. വൈസ് പ്രസിഡന്റ് പി വി ജെൻസൻ, സ്റ്റാന്റിംഗ് കമ്മിറ്റി പ്രതിനിധികളായ സതി സുധീർ, ജോളി തോമസ്, ബേബി കീടയിൽ, സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ടി വി ഗിരിജാക്ഷൻ, പി ടി എ പ്രസിഡന്റ് ജോൺസി അമൽജൻ തുടങ്ങിയവർ പങ്കെടുത്തു.

The inaguration of Chengalur UP School
ചെങ്ങാലുർ ജി എൽ പി സ്കുളിന്റെ പൂർത്തികരിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം