തൃശൂർ പാലസ് ഗ്രൗണ്ടിൽ പുതുതായി നിർമിച്ച ഫ്‌ളഡ്‌ലിറ്റിന്റെ സ്വിച്ച്ഓൺ കർമം ജനുവരി 9 വൈകിട്ട് 7 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ പി റാഫിജോസ് അധ്യക്ഷത വഹിച്ചു. 56 വർഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പാലസ് ഗ്രൗണ്ട് സ്റ്റേഡിയത്തിൽ ഒരു കോടി രൂപ ചെലവിൽ ശാസ്ത്രീയമായാണ് ഫ്‌ളഡ്‌ലിറ്റ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി ഫ്‌ളഡ്‌ലിറ്റുകൾ അണഞ്ഞതിന്റെ ഭാഗമായി നിരവധി അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങൾ നടക്കാതെ പോയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരാണ് കോർപറേഷൻ സഹകരണത്തോടെ ഗ്രൗണ്ട് ശുചീകരണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത്. ഇതോടനുബന്ധിച്ചു നടക്കുന്ന ഫുട്‌ബോൾ മത്സരം കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ടി എൻ പ്രതാപൻ എം പി താരങ്ങളെ ആദരിക്കും. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ജെയ്‌സൺ ഫ്രാൻസിസ്, ഫുട്‌ബോൾ താരങ്ങളായ ഐ എം വിജയൻ, സി വി പാപ്പച്ചൻ തുടങ്ങിയവർ പങ്കെടുക്കും.