റീബിൽഡ് കേരള കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഡിവിഷൻ നെല്ലായി തൂപ്പൻകാവ് ബണ്ട് പ്രൊട്ടക്ഷൻ പൂർത്തീകരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റീബിൽഡ് കേരളയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് സ്തുത്യർഹമാണ്. ഇതിലൂടെ തകർന്ന വീടുകൾ, റോഡുകൾ, ബണ്ടുകൾ ഉൾപ്പെടെ പുനഃസ്ഥാപിക്കാനായി. ഇതിന് ഉദാഹരണമാണ് പറപ്പൂക്കര ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് നിർവ്വഹിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 2018 ആഗസ്റ്റിലെ സംഭവിച്ച മഹാപ്രളയത്തിൽ പറപ്പൂക്കര 10-ാം വാർഡിൽ തൂപ്പൻകാവ് തോടിന്റെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ 2018-19 ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് മണ്ണ് നീക്കം ചെയ്ത് വെള്ളം സാധാരണ ഗതിയിൽ ഒഴുകുന്നതിനും സംരക്ഷണ ഭിത്തിയുടെ ഫൗണ്ടേഷൻ നിർമ്മാണം, ആർ.സി.സി. മിഡിൽ ബെൽട്ട് എന്നിവക്കുമായി 20 ലക്ഷം രൂപ അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാർ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയൻ എന്നിവർ മുഖ്യാതിഥികളായി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. നെൽസൻ, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ പി.വി. കുമാരൻ, പ്രീത സജീവൻ, കെ.വി. മോളി ടീച്ചർ, റീന ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ സ്വാഗതവും സെക്രട്ടറി കെ.ജി. തിലകൻ നന്ദിയും പറഞ്ഞു.
 
NellayThooppankavu Bund Protection Inauguration
INAUGURATION