മുഴുവൻ വിദ്യാലയങ്ങളും ഹൈടെക് ആക്കിയ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി മാർച്ച് അവസാനത്തോടെ കേരളം മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. കരൂപടന്ന ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്ന് 3500 കോടി ഉപയോഗിച്ച് 2500 പുതിയ കെട്ടിടങ്ങളാണ് പുതുക്കി പണിയുന്നത്. സ്‌കൂൾ ഏജൻസികളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് 3000 സ്‌കൂൾ കെട്ടിട നിർമ്മാണവും നടന്നുവരികയാണ്. അടുത്ത അധ്യയന വർഷം മുതൽ 40 ലക്ഷം കുട്ടികൾക്ക് വേണ്ടി വ്യക്തിഗത അക്കാദമിക് മാസ്റ്റർ പ്ലാനുമുണ്ടാക്കും. ഇതനുസരിച്ചായിരിക്കും കുട്ടികൾ വളരേണ്ടതും അവരുടെ പഠനനിലവാരം മെച്ചപ്പെടുത്തേണ്ടതും.ഇതിന് വേണ്ട പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. ഭൗതിക സാഹചര്യത്തോടൊപ്പം അക്കാദമിക മികവ് കൂടി ഉയർത്തുവാൻ എല്ലാ സ്‌കൂളുകളിലും ക്ലാസ് മുറി ലൈബ്രറികൾ സ്ഥാപിക്കും. അടുത്ത അധ്യയന വർഷം മുതൽ കേരളത്തിലെ എല്ലാ സ്‌കൂളുകളും അന്താരാഷ്ട്ര നിലവരമുള്ളതാക്കും. 2000 ക്ലാസ് മുറികൾ കൂടി ഹൈടെക് ആക്കി മാറ്റും. അറിവിന്റെ സമ്പന്നതയുടെ പരിസരത്തായിരിക്കണം കുട്ടികൾ വളരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വർണ്ണോത്സവം 2020 ന്റെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, ഡയറ്റ് പ്രിൻസിപ്പൽ അബ്ബാസ് അലി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോർഡിനേറ്റർ മുഹമ്മദ് സിദ്ദിഖ്, ജില്ല വിദ്യാഭ്യാസ വകുപ്പ് ഓഫീസർ എം ആർ ജയശ്രീ, സ്‌കൂൾ ഹെഡ്മിസ്ട്രസ് എം ജയലക്ഷ്മി, പ്രിൻസിപ്പൽ ടി വി മിനി എന്നിവർ പങ്കെടുത്തു.