കരൂപടന്ന ഗവ ഹയർസെക്കൻഡറി സ്‌കൂൾ മികവിന്റെ കേന്ദ്രമായി മാറുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന സ്‌കൂളിൽ പണി തീർത്ത പുതിയ കെട്ടിട സമുച്ചയം വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ, യു പി വിഭാഗങ്ങളുടെ ഏറ്റവും പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി രണ്ട് നിലകളിലായി 24 മുറികളുമായാണ് കെട്ടിട സമുച്ചയം ഒരുക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ളാസ് മുറികൾ, പെൺകുട്ടികൾക്കായുള്ള പ്രത്യേക വിശ്രമമുറികൾ, ഭിന്നശേഷി സൗഹൃദ ക്ളാസ് മുറികൾ, ലാബുകൾ, ഓരോ നിലയിലും ടോയ്ലറ്റ് ബ്ലോക്കുകൾ, ഷട്ടിൽ-ടെന്നീസ് മത്സരങ്ങൾക്കായുള്ള കോർട്ട് എന്നിങ്ങനെ മികച്ച സൗകര്യങ്ങളോട് കൂടി 20000 ചതുരശ്ര അടിയിലാണ് സമുച്ചയം പണി തീർത്തത്. ഇതിലൂടെ ഈ പദ്ധതിയിൽ ജില്ലയിൽ ആദ്യമായി ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്‌കൂൾ എന്ന നേട്ടവും കരൂപടന്ന ഗവ എച്ച് എസ് എസ് കരസ്ഥമാക്കി. അഞ്ച് കോടിയാണ് പദ്ധതിത്തുക. കൂടാതെ, കെട്ടിടത്തിന്റെ പൂർണ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി 12 ലക്ഷം ചെലവിട്ട് ജില്ലാ പഞ്ചായത്ത് പൈതൃക കവാടം നിർമ്മിച്ച്, ചുറ്റുമതിൽ അറ്റകുറ്റപ്പണികൾ തീർത്ത് ഉയരം കൂട്ടി നൽകുകയും ചെയ്തു. ഹൈടെക് ക്ലാസ് മുറികളിലേയ്ക്ക് കാബിൻ സംവിധാനത്തോട് കൂടിയ ബെഞ്ചും ഡസ്‌കും ഇതിന് പുറമെ നൽകിയിട്ടുണ്ട്.

1922ൽ കരൂപടന്ന ചന്തക്കെട്ടിടത്തിൽ ആരംഭിച്ച സ്‌കൂളാണിത്. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി 2018 ലാണ് കെട്ടിടത്തിന് തറക്കല്ലിടുന്നത്. ആ വർഷം ജൂലായിൽ നിർമ്മാണം ആരംഭിക്കാൻ കൈറ്റ്സ് തീരുമാനിച്ചിരുന്നെങ്കിലും ഓഗസ്റ്റ് മാസത്തിൽ വന്ന പ്രളയം മൂലം ഡിസംബറിലാണ് നിർമ്മാണം ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഭൗതികനിലവാരം മാത്രമല്ല, അക്കാദമിക നിലവാരം കൂടി വർദ്ധിപ്പിക്കുന്നതിൽ മുന്നിലാണ് ഈ വിദ്യാലയം. പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തോടെ പൂർവ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെ നിർമ്മിച്ച കുട നൽകിയാണ് 2019 ലെ പ്രവേശനോത്സവം ആഘോഷമാക്കിയത്. തൃശൂർ ഡയറ്റ് സംഘടിപ്പിച്ച ഉജ്ജീവനം പദ്ധതിയിൽ മികച്ച സർക്കാർ സ്‌കൂളിനുള്ള അംഗീകാരം ഈ വിദ്യാലയതിനായിരുന്നു. എംഎൽഎ വി ആർ സുനിൽ കുമാർ, ജനപ്രതിനിധികൾ, നാട്ടുകാർ, അധ്യാപകർ, രക്ഷിതാക്കൾ, പി ടി എ ഭാരവാഹികൾ, പൂർവ്വവിദ്യാർത്ഥി സംഘടനകൾ എന്നിവരുടെ കൂട്ടായ്മയാണ് സ്‌കൂളിന്റെ വളർച്ചയ്ക്ക് കാരണമെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് എം ജയലക്ഷ്മി പറയുന്നു.