പുതുക്കാട് നിയോജക മണ്ഡലത്തിലെ എം എൽ എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതും കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്നതുമായ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് നിർദേശം. മണ്ഡലത്തിലെ പ്രധാനപ്പെട്ട കച്ചേരിക്കടവ് അപ്രോച്ച്റോഡ്, പുതുക്കാട് റെയിൽവേ മേൽപാലം, ചെമ്പൂച്ചിറ, നന്തിക്കര സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിച്ച് തുറന്നുകൊടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. പ്രകൃതി ദുരന്തത്തിൽ നാശനഷ്ടമുണ്ടായ റോഡ്, പാലങ്ങൾ, തോടുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണം. വനമേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നടക്കുന്ന അടിസ്ഥാന വികസന പ്രവർത്തനങ്ങളുടെ അതത് പ്രവർത്തന റിപ്പോർട്ടുകൾ നൽകാനും മന്ത്രി നിർദേശിച്ചു. മാർച്ച് 10നകം നിർമ്മാണഘട്ടത്തിലിരിക്കുന്ന കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയുടെ തൽസ്ഥിതി അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടർ എസ് ഷാനവാസ്, വിവിധ വകുപ്പുതല മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.