കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ താഴേതലം വരെ കൂടുതൽ വിപുലപ്പെടുത്തുന്നതിനും തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമായി ജില്ലയിലെ ജനപ്രതിനിധികളുടേയും ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗം ശനിയാഴ്ച (മാർച്ച് 14) രാവിലെ 9.30 ന് ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ചേരും. സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരമാണ് യോഗം ചേരുന്നത്. ജില്ലയിൽ നിന്നുളള മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, സി രവീന്ദ്രനാഥ്, എംപിമാർ, എംഎൽഎമാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, തദ്ദേശസ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. ജില്ലയിലെ രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് വിശദീകരിക്കും. ആരോഗ്യ വകുപ്പ് സ്വീകരിച്ച മുന്നൊരുക്കങ്ങൾ ഡിഎംഒ അവതരിപ്പിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾക്കും യോഗം രൂപം നൽകും.