അതിരപ്പിള്ളി ആദിവാസി ഊരുകളിലും തോട്ടം തൊഴിലാളി മേഖലകളിലുമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി വികൾ വിതരണം ചെയ്തു. ബി ഡി ദേവസ്സി എം എൽ എയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് ടി വി ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് മുൻകൈയെടുത്ത് ഏഴു ടിവികൾ നൽകി. നിലവിൽ അകെ 26 ടിവികളാണ് വിവിധ ആദിവാസി ഊരുകളിലായി വിതരണം ചെയ്യുന്നത്. ആദിവാസി ഊരുകളിലെ 222 കുട്ടികൾക്കാണ് ഓൺലൈൻ പഠന സൗകര്യമൊരുക്കേണ്ടത്. തോട്ടം മേഖലയിൽ വരുന്ന നാല് വാർഡുകളാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ ‘ഒപ്പം’ പദ്ധതിയും കുടുംബശ്രീ ജില്ലാ മിഷനും ഊരുകളിലേക്ക് ടി വി എത്തിച്ചിരുന്നു. പെരിങ്ങൽകുത്ത്, പിള്ളപ്പാറ എസ് സി കോളനി, വാഴച്ചാൽ, പഞ്ചായത്തിലെ ഒന്നാം വാർഡ് വെട്ടിക്കുഴി അങ്കണവാടി എന്നിവിടങ്ങളിൽ ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പുകയിലപ്പാറ, ആനക്കയം, അടിച്ചിൽതൊട്ടി തുടങ്ങിയ ഇടങ്ങളിലാണ് ഇനി ടി വി സൗകര്യമൊരുക്കാനുള്ളത്. ഊരുകളിലെ അങ്കണവാടികളിലും കമ്മ്യൂണിറ്റി ഹാളുകളിലുമായാണ് പഠന സൗകര്യമൊരുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ് : അതിരപ്പിള്ളി പഞ്ചായത്ത് ആദിവാസി ഊരുകളിലേക്ക് നൽകിയ ടിവി ബി ഡി ദേവസ്സി എം എൽ എ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസിന് കൈമാറുന്നു. നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു വാഴക്കാല സമീപം