സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റം കൺമുന്നിലെ യാഥാർഥ്യമാണെന്നും അത് ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് 90 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാട്ടിൽ മുമ്പ് ചർച്ച ചെയ്തിരുന്നത് പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്നതിനെക്കുറിച്ചായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് അഞ്ച് ലക്ഷം വിദ്യാർഥികൾ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് വന്നു. ഇതാണ് മാറ്റം. നമ്മുടെ നാട് പൊതുവിദ്യാഭ്യാസത്തെ എങ്ങിനെ കാണുന്നുവെന്നതിന്റെ നിദർശനമാണിത്. വിദ്യാലയം നാടിന്റെ പൊതുസ്വത്താണ്. അതിനെ മെച്ചപ്പെടുത്തുന്നത് മറ്റേതൊരു പ്രവൃത്തിയേക്കാളും മഹത്തരമാണ്. ലോകനിലവാരത്തിലേക്ക് നമ്മുടെ സ്‌കൂളുകളെ ഉയർത്തുകയാണ്. സാങ്കേതിക സൗകര്യം അടക്കം പശ്ചാത്തല സൗകര്യം ഒരുക്കുകയാണ്. ഓൺലൈൻ വിദ്യാഭ്യാസം കൃത്യമായി നാടിന്റെ സഹകരണത്തോടെ നടപ്പാക്കാൻ കഴിഞ്ഞു. സ്‌കൂളുകളിൽ കാലാനുസൃതമായ മാറ്റം വന്നുകൊണ്ടേയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലായി കിഫ്ബി ഫണ്ടിൽനിന്ന് അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിച്ച നാല് കെട്ടിടങ്ങൾ, മൂന്ന് കോടി ചെലവിൽ നിർമ്മിച്ച 20 കെട്ടിടങ്ങൾ, പ്ലാൻ ഫണ്ടിൽനിന്ന് നിർമ്മിച്ച 62 കെട്ടിടങ്ങൾ, നബാർഡ് സഹായത്തോടെ നിർമ്മിച്ച നാല് കെട്ടിടങ്ങൾ എന്നിവയടക്കം 90 കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തൃശൂർ ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെ 11 സ്‌കൂളുകളാണ് മികവിന്റെ കേന്ദ്രങ്ങളായി മാറിയത്. ജിഎച്ച്എസ്എസ് പഴഞ്ഞി, ജിഎച്ച്എസ്എസ് എരുമപ്പെട്ടി, ജി എൽപിഎസ് എരുമപ്പെട്ടി, ജിഎച്ച്എസ്എസ് കടവല്ലൂർ, ജിഎച്ച്എസ്എസ് വടക്കാഞ്ചേരി, ജിയുപിഎസ് ചെറായി, ജിയുപിഎസ് പുത്തൻചിറ, ജി എൽ പി എസ് കുറ്റിച്ചിറ, ജി എൽപിഎസ് പുത്തൂർ, ജി എഫ് എച്ച് എസ് എസ് നാട്ടിക, ജി എച്ച് എസ് എസ് വരവൂർ എന്നിവയാണിവ. ഇതിൽ മൂന്നുകോടി കിഫ്ബി പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച അഞ്ചും പ്ലാൻ ഫണ്ടിൽ ഒരു കോടി നൽകി നിർമാണം പൂർത്തീകരിച്ച ആറും സ്‌കൂൾ കെട്ടിടങ്ങളാണുള്ളത്.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ, റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, വനം വകുപ്പ് മന്ത്രി കെ. രാജു, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു.
തൃശൂർ ജില്ലയിലെ സ്‌കൂളുകളിൽ നടന്ന പരിപാടികളിൽ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ, എംഎൽഎമാരായ കെ വി അബ്ദുൽ ഖാദർ, ബി ഡി ദേവസ്സി, വി ആർ സുനിൽകുമാർ, ഗീത ഗോപി, യു ആർ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.