The bell of survival rang....wake up again schools

അതിജീവനത്തിന്റെ മണിമുഴങ്ങി….ഉണർന്നു വീണ്ടും വിദ്യാലയങ്ങൾ

ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇന്നലെകളിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാഠങ്ങളും മുന്നേറ്റങ്ങളുമായി വീണ്ടും അവർ ഒത്തുചേർന്നു. ആർത്തലച്ചുപോയ നാടിന്റെ കുരുന്നുകളെ ചേർത്തുപിടിച്ച് മേപ്പാടിയിൽ നടന്ന പുന: പ്രവേശനോത്സവം കരുതലിന്റെയും പ്രതീക്ഷകളുടെയും പുതിയ സന്ദേശമായി. മുണ്ടക്കൈ, ചൂരൽമല ദുരന്തമേഖലകളിൽ നിന്നുമുള്ള 607 കുട്ടികൾക്കാണ് മേപ്പാടിയിൽ അതിവേഗം ക്ലാസ്സ് മുറികൾ ഒരുങ്ങിയത്. വർണ്ണ ബലൂണുകളും കളിപ്പാട്ടങ്ങളും പാഠ പുസ്തകങ്ങളും പഠനകിറ്റുകളുമെല്ലാം നൽകിയാണ് ഈ വിദ്യാർത്ഥികളെ പുതിയ വിദ്യാലയം വരവേറ്റത്. മുണ്ടക്കൈ ജി.എൽ.പി സ്‌കൂളിലെ 61 കുട്ടികളും വെളളാർമല ജി.വി.എച്ച്.എസ്.എസ്സിലെ 546 കുട്ടികളുമാണ് മേപ്പാടിയിലെ പുതിയ ക്ലാസ്സ് മുറികളിൽ പഠനം തുടരുക. ഇവർക്കായി മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളിലും മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളുകളിലുമാണ് ക്ലാസ്സ് മുറികൾ തുറന്നത്. ദുരന്ത മേഖലയില കുട്ടികളുടെ പഠനത്തിന് അതിവേഗം തയ്യാറായ ബദൽ സംവിധാനവും പുന: പ്രവേശനോത്സവവും നാടും ഏറ്റെടുക്കുകയായിരുന്നു.

പുതിയ യാത്ര പുതിയ പ്രതീക്ഷകൾ

ഒരു നാടിന്റെ നൊമ്പരങ്ങളെല്ലാം മറന്ന് പുതിയ പുലരികളിലേക്കുള്ള അവരുടെ യാത്രയും വേറിട്ടതായി. ചൂരൽമലയിൽ നിന്നും മൂന്ന് കെ.എസ്.ആർ.ടി സി ബസ്സുകളിലായിരുന്നു കുട്ടികളുടെയെല്ലാം മേപ്പാടിയിലെ പുതിയ വിദ്യാലയത്തിലേക്കുള്ള യാത്ര. ജനപ്രതിനിധികളും അധ്യാപകരും ഉദ്യോഗസ്ഥരുമെല്ലാം പങ്കുചേർന്ന അവരുടെ സ്‌കൂളിലേക്കുള്ള ആദ്യ ദിവസത്തെ യാത്രയും അവിസ്മരണീയമായി. യാത്രക്കിടയിൽ നാടൻ പാട്ടിന്റെ ഈണത്തിൽ വെള്ളാർമലയിലെ മുതിർന്ന കുട്ടികൾക്കൊപ്പം മുണ്ടക്കൈയിലെ കുഞ്ഞുകൂട്ടുകാരും താളംപിടിച്ചു. എല്ലാം മറന്ന് ഇത് ഇവരുടെ പുതിയ ജീവിതത്തിലേക്കുള്ള യാത്രകൂടിയാവുകയായിരുന്നു. തേയിലേത്തോട്ടങ്ങളെ പിന്നിട്ട് ബസ്സുകൾ മേപ്പാടിയിലെത്തുമ്പോൾ ഇവരെയെല്ലാം മധുരം നൽകി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും മന്ത്രിമാരായ എ.കെ.ശശീന്ദ്രനും, ഒ.ആർ കേളുവും ജനപ്രതിനിധികളും നാടും ഒന്നാകെ അവിടെയുണ്ടായിരുന്നു. പുതിയ കൂട്ടുകാരെ ബാൻഡ് മേളത്തിന്റെ അകമ്പടിയിലായിരുന്നു വിദ്യാലയത്തിലേക്ക് ആനയിച്ചത്. ആശങ്കകളും വേർതിരിവുകളുമില്ലാതെ കുട്ടികളെല്ലാം അപരിചിതത്വത്തിന്റെ മതിൽകെട്ടുകളില്ലാത്ത പുതിയ ക്ലാസ്സമുറികളിലും ഒത്തുചേർന്നു.

പൂക്കൾ പൂമ്പാറ്റകൾ പുതിയ വിദ്യാലയം

പൂക്കളും പൂമ്പാറ്റയും വർണ്ണതുമ്പികളുമെല്ലാമുള്ള വിദ്യാലയം. മുണ്ടക്കെ ജി.എൽ.പി സ്‌കൂളിനെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് മേപ്പാടി കമ്മ്യൂണിറ്റി ഹാളിൽ പുനസൃഷ്ടിച്ചത്. എൽ.കെ.ജി മുതൽ നാലാംക്ലാസ്സ് വരെയുള്ള താൽക്കാലിക വിദ്യാലയത്തിൽ അധ്യാപകരെല്ലാം മറ്റൊരു പ്രവേശനോത്സവത്തിനായി ദിവസങ്ങൾക്ക് മുമ്പേ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ദുരന്തത്തന്റെ മുറിവുകളെയെല്ലാം തുടച്ച് അതിജീവിച്ച നാടിന്റെ കരുത്തായി മാറുകയായിരുന്നു കുട്ടികളുടെ പ്രീയപ്പെട്ട അധ്യാപകരും. ഒരു രാത്രികൊണ്ട് ദുരന്തം മായ്ച്ചുകളഞ്ഞ നാട്ടിലെ പലരെയും കാണാനില്ലാത്തതിന്റെ സങ്കടങ്ങളെല്ലാം ഒതുക്കി കുട്ടികളെയെല്ലാം ഇവർ ക്ലാസ്സ് മുറികളിലേക്ക് സ്വീകരിച്ചു. സ്‌ക്രീൻ കൊണ്ട് വേർതിരിച്ച ക്ലാസ്സ്മുറികൾക്കരികിലായാണ് പ്ലേ സ്‌കൂളും സജ്ജീകരിച്ചിരുന്നു. കളിപ്പാട്ടങ്ങളും സൈക്കിളുകളും എല്ലാമായി മുണ്ടക്കൈയിലെ പഴയ വിദ്യാലയം തന്നെയാണ് ഇവിടെ പുനക്രമീകരിച്ചത്. ദുരന്ത ഭീകരതകൾക്കപ്പുറം പതിനൊന്ന് കൂട്ടുകാർ ഒഴികെ കൂടെയുള്ളവരെയെല്ലാം ഇവിടെയുണ്ട്. എല്ലാവരെയും ഒന്നിച്ച് കണ്ടതിന്റെയും ആശ്വാസത്തിലായിരുന്നു ഈ കുരുന്നുകളെല്ലാം. അഞ്ചുമുതൽ ഹയർ സെക്കൻഡറി വരെയുളള ക്ലാസ്സുകൾ മേപ്പാടി ഗവ.ഹയർസെക്കൻഡറിയുടെ ഒരു ഭാഗത്തായാണ് സജ്ജീകരിച്ചത്. ഇവിടേക്കുള്ള ഫർണ്ണീച്ചറുകളും ആദ്യം തന്നെ എത്തിച്ചിരുന്നു.

കൂടെയുണ്ട് പഠിച്ച് മുന്നേറാം

ദുരന്തങ്ങളെല്ലാം വലിയ നഷ്ടങ്ങളുടെതാണ്. ഇതിനെ മറികടക്കാൻ അതിജീവനം കൂടിയേ തീരു.. പഠിച്ച് മുന്നേറണം ഇതിനായി സർക്കാരും ഭരണകൂടവും ചുററുപാടുകളും എന്നും ഒപ്പമുണ്ടാകും. ദുരന്തം വിഴുങ്ങിയ ചൂരൽമലയിലെ വെളളാർമല ജി.വി.എച്ച്.എസ്.എസ്സിൽ നിന്നും മേപ്പാടി ഗവ.ഹയർസെക്കൻഡറിയിലെത്തിയ കുട്ടികളോടായി പറഞ്ഞു. ഈ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ് മുതൽ ഹയർസെക്കൻഡറി ക്ലാസ്സുകൽ വരെ പഠിക്കുന്ന വിദ്യാർത്ഥികളെ ഒരു ക്ലാസ്സ് മുറിയിൽ നേരിട്ട് കണ്ടാണ്സം സാരിച്ചത്. വനം മന്ത്രി എ.കെ.ശശീന്ദ്രനും കുട്ടികളെ നേരിൽ കണ്ട് വിവരങ്ങൾ ആരാഞ്ഞു. പഠനത്തിൽ നല്ലപോലെ ശ്രദ്ധിക്കണം. എന്ത് പ്രതിസന്ധികളുണ്ടെങ്കിലും അറിയിക്കാം. കുട്ടികളെ പഠന പ്രവർത്തനങ്ങളിലേക്ക് തിരികെ എത്തിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാക്കുക. അധ്യാപകർക്കും അധികൃതർക്കുമെല്ലാം നിർദ്ദേശങ്ങൾ നൽകിയാണ് മന്ത്രിമാരും ജനപ്രതിനിധികളും മടങ്ങിയത്. പുന: പ്രവേശനോത്സവത്തിന്റെ ആദ്യദിനം കുട്ടികൾക്കായി കലാപരിപാടികളും അരങ്ങേറിയിരുന്നു.