അധ്യാപകർ പ്രാഥമിക കൗൺസിലേഴ്സ്: കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് പുതിയ കർമ്മ പദ്ധതി
വിദ്യാർത്ഥികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളും ലഹരി ഉപയോഗവും ഫലപ്രദമായി നേരിടാൻ അധ്യാപകരെ പ്രാഥമിക കൗൺസിലർമാരാക്കി മാറ്റുന്നതിനുള്ള ഒരു സമഗ്ര കർമ്മപദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് രൂപം നൽകി. കുട്ടികൾ തങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലായതുകൊണ്ട്, അവരുടെ മാനസികാവസ്ഥ നേരിട്ടറിയാൻ ഏറ്റവും അനുയോജ്യർ അധ്യാപകരാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനും, ലഹരി ഉപയോഗം തടയുന്നതിനും, അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിനും അധ്യാപകരെ സജ്ജരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഈ പദ്ധതിക്ക് കീഴിൽ അധ്യാപകർക്കായി മൂന്ന് തലങ്ങളിലായി പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 പേർക്കാണ് പരിശീലനം നൽകുന്നത്. ഇതിൽ ആദ്യ ബാച്ചിലെ 100 പേരുടെ പരിശീലനം പൂർത്തിയായി. വനിതാ ശിശുവികസന വകുപ്പിലെ സ്‌കൂൾ കൗൺസിലർമാർ, സൗഹൃദ കോർഡിനേറ്റർമാർ, കരിയർ ഗൈഡൻസ് കോർഡിനേറ്റർമാർ, ഹൈസ്‌കൂൾ അധ്യാപകർ, ഡയറ്റ് കൗൺസിലർമാർ എന്നിവരാണ് ഈ സംഘത്തിലുള്ളത്. സംസ്ഥാനതല പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ മൂന്ന് ദിവസത്തെ പരിശീലനം നടക്കും. ഈ ഘട്ടത്തിൽ ഏകദേശം 4239 അധ്യാപകർക്ക് പരിശീലനം നൽകും.
ജില്ലാതലത്തിൽ പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർമാർ തുടർന്ന് സ്‌കൂൾ തലത്തിൽ പരിശീലനം നൽകും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ അധ്യാപകർക്കും മൂന്ന് ശനിയാഴ്ചകളിലായി ഈ പരിശീലനം നൽകും. ഏകദേശം 8000 അധ്യാപകർക്ക് ഈ ഘട്ടത്തിൽ പരിശീലനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ശിൽപശാലകളിൽ കൗൺസിലിംഗിന്റെ സൈദ്ധാന്തിക വശങ്ങളും അധ്യാപകരുടെ മാനസിക സമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ചുള്ള പ്രായോഗിക പരിശീലനവും രണ്ട് ഘട്ടമായി നൽകുന്നു. അധ്യാപകരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നത് അവരുടെ തൊഴിൽപരമായ കാര്യക്ഷമത വർദ്ധിപ്പിക്കാനും കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്താനും നിർണായകമാണ്. ഈ പദ്ധതി കുട്ടികൾക്ക് ആരോഗ്യകരമായ ഭാവിയൊരുക്കാൻ സഹായകരമാകും.