ആഹ്ലാദത്തോടെ ഹിന്ദി പഠിക്കാൻ സുരീലി ഹിന്ദിയുടെ പുതിയ എഡിഷൻ
പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടികളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് സുരീലി ഹിന്ദി. 2016-17 അധ്യയന വർഷത്തിലാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യ വർഷം ആറാം ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ രണ്ടു ദിവസത്തെ ക്യാമ്പായിട്ടാണ് നടപ്പാക്കിയത്. കവിതകളും, ഭാഷാ കേളികളും, നാടകാവിഷ്കാരങ്ങളുമടങ്ങിയ മൊഡ്യൂളാണ് ആ വർഷം നടപ്പാക്കിയത്. പിന്നീട് പദ്ധതി അഞ്ചു മുതൽ എട്ടു വരെ ക്ലാസ്സുകളിലേക്ക് വ്യാപിപ്പിച്ചു. അതിന് മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു. അതിലാദ്യ മൊഡ്യൂളുകൾ ഹിന്ദി ഭാഷയിലേക്ക് കുട്ടികളെ താത്പര്യപൂർവ്വം എത്തിക്കുന്ന റെഡിനസ് പാക്കേജുകളായ കാര്യശാലാ പാഠ് ആയിരുന്നു. അതിലെ രണ്ടാം ഭാഗത്തെ മൊഡ്യൂളുകൾ പാഠപുസ്തകത്തിൻറെ പൂരക പ്രവർത്തനങ്ങളായ സുരീലി പാഠ് ആയിരുന്നു. മൂന്നാമത്തെ ഭാഗം പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും അവരെ ഹിന്ദി വായനയിലേക്കും എഴുത്തിലേക്കും എത്തിക്കുന്നതിനും വേണ്ടി തയ്യാറാക്കിയ ഭരോസാ പാഠ് ആയിരുന്നു.
കോവിഡ് കാലഘട്ടത്തിലാണ് സുരീലി ഹിന്ദിയുടെ വീഡിയോ മൊഡ്യൂളുകളുടെ നിർമ്മാണമാരംഭിച്ചത്. ആദ്യം യു പി ക്ലാസ്സുകളിലേക്ക് വേണ്ടി ഒമ്പത് മൊഡ്യൂളുകളാണ് തയ്യാറാക്കിയത്. കഴിഞ്ഞ വർഷം വരെ അഞ്ചാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കായി 43 വീഡിയോ മൊഡ്യൂളുകൾ സുരീലി ഹിന്ദി പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കി. ഈ വർഷം അഞ്ചാം ക്ലാസ്സിലേയും ഏഴാം ക്ലാസ്സിലേയും പുതിയ പാോടപുസ്തകങ്ങളുടെ ക്ലാസ് റൂം വിനിമയത്തെ സഹായിക്കുന്ന വീഡിയോ മൊഡ്യൂളുകളാണ് തയ്യാറാക്കുന്നത്. ഹിന്ദി പഠനം ആരംഭിക്കുന്ന അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കായി അവരുടെ പാഠപുസ്തകത്തിലെ കവിതകൾ തന്നെ ഗ്രാഫിക് വായനക്ക് സഹായകമാകുന്ന തരത്തിൽ വീഡിയോ മൊഡ്യൂളുകളായി തയ്യാറാക്കിയിരിക്കുന്നു. ഈ മൊഡ്യൂളുകളുടെ ഒരു ഭാഗം കരോക്കെയാണ്. മനോഹരമായ ഈണത്തോടു കൂടി കവിത പല ആവർത്തി കേൾക്കുന്ന കുട്ടികൾ കരോക്കെയുടെ ഭാഗത്തെത്തുമ്പോൾ തനിയേ കവിത ആലപിക്കാൻ തുടങ്ങുന്നു. ഈ സാഹചര്യത്തിൽ ഈ വീഡിയോ മൊഡ്യൂളുകളിലൂടെ കടന്നുപോകുന്ന കുട്ടികൾ ഹിന്ദി വായിക്കുകയും എഴുതുകയും ചെയ്യുമെന്ന് ഉറപ്പാക്കാൻ അധ്യാപകർക്കും സാധിക്കും. സുരീലി ഹിന്ദിയുടെ പുതിയ എഡിഷൻ പ്രകാശനം ചെയ്തു.