കേരള സ്കൂള്‍ വെതര്‍ സ്റ്റേഷൻ പദ്ധതി
വിദ്യാഭ്യാസവകുപ്പ് സമ്രഗ ശിക്ഷ കേരളം (SSK) വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള സ്കൂൾ വെതർ സ്റ്റേഷൻ. ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി രേഖപ്പെടുത്തുക, നിശ്ചിത കാലാവസ്ഥ ഡാറ്റകള്‍ തയ്യാറാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യങ്ങൾ. അതാത് പ്രദേശത്തെ ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും കൃത്യമായും മുൻകൂട്ടിയും കുട്ടികൾക്ക് തന്നെ പരിശോധിക്കാനും ഡാറ്റ തയ്യാറാക്കുന്നതിനും സ്കൂൾ വെതർ സ്റ്റേഷനുകൽ വഴി സാധ്യമാകും. ഹയർസെക്കൻഡറി വിഭാഗത്തിൽ ഭൂമിശാസ്ത്രം ഐശ്ചിക വിഷയമായി പഠിപ്പിക്കുന്ന സ്കൂളുകളിലെ ലാബ് സൗകര്യം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ പൊതുസമൂഹത്തിനും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് കേരള സ്കൂൾ വെതർ സ്റ്റേഷൻ ചിട്ടപ്പെടുത്തുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 240 പൊതുവിദ്യാലയങ്ങളിലാണ് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD), കോഴിക്കോട് ആസ്ഥാനമായ CWRDM, കേരള ദുരന്ത നിവാരണ അതോറിറ്റി (KSDMA) എന്നിവരുടെ മാർഗനിർദേശങ്ങളും സഹായ സഹകരണങ്ങളും വെതർ സ്റ്റേഷനുകൾക്ക് ലഭിക്കുന്നുണ്ട്. മാറിമാറിവരുന്ന അന്തരീക്ഷ സന്തുലിതാവസ്ഥ മനസ്സിലാക്കുന്നതിനും വെതര്‍ സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന് സമീപത്തുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥ വിവരങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഗവേഷണ പരിശീലനത്തിനും കാര്‍ഷിക- വ്യവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്നതാണ്. സ്കൂൾ വെതർ സ്റ്റേഷനുകൾ ദിനാവസ്ഥ ഘടകങ്ങളെക്കുറിച്ചുള്ള പരിക്ഷണനിരീക്ഷണങ്ങൾക്കുള്ള ലാബുകളായി മാറും. സ്കൂൾതലം മുതലുള്ള കൂട്ടികൾക്ക് ഭൗമസാക്ഷരത കൈവരിക്കാനും സാമൂഹിക ഇടപെടലുകൾ നടത്താനുമുള്ള അവസരമാകും ഇത്. ഒരു പ്രദേശത്തിന്റെ ദിനാവസ്ഥ വിവരങ്ങൾ എങ്ങനെ ശേഖരിക്കും എന്നതിനെക്കുറിച്ചുള്ള പ്രായോഗിക അറിവും ശേഖരിച്ച വിവരങ്ങളെ വിശകലനം ചെയ്യുന്നതിനും ഇത് വഴി സാധിക്കും. പ്രാദേശികമായി ശേഖരിക്കപ്പെടുന്ന ദിനാവസ്ഥ വിവരങ്ങളെ ക്രോഡീകരിച്ച് സാമൂഹിക ഇടപെടലുകൾക്ക് പര്യാപ്തമാകുന്ന തരത്തിൽ എങ്ങനെ ഉപയോഗിക്കാമെന്ന അറിവും ഇതിലൂടെ കുട്ടികൾക്ക് ലഭിയ്ക്കും.
മഴയുടെ തോത് അളക്കുന്നതിനുള്ള മഴമാപിനി, അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെര്‍മോമീറ്ററുകള്‍, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള വെറ്റ് ആര് ഡ്രൈ ബള്‍ബ് തെര്‍മോമീറ്റർ, കാറ്റിന്റെ ദിശ അറിയുന്നതിനായുളള വിന്‍ഡ് വെയ്ൻ കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന കപ്പ് കൗണ്ടര്‍ അനിമോമീറ്റർ തുടങ്ങി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന ശാസ്ത്രീയ ഉപകരണങ്ങളാണ് സ്കൂള്‍ വെതര്‍ സ്റ്റേഷനുകളിൽ ഉപയോഗിക്കുന്നത്.
പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും, ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുവാനും വെതര്‍ സ്റ്റേഷനുകള്‍ സഹായിക്കും. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ ദിനാവസ്ഥ സാഹചര്യവും കാലാവസ്ഥാ വ്യതിയാനവും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഇത്തരം സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയും.