without the approval of the Department of Public Instruction

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിയമസഭയിൽ കെ.ജെ മാക്സി, എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. എറണാകുളം ജില്ലയിലെ  സ്വകാര്യ പ്ലേ സ്കൂളായ മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേസ്കൂളിലെ  ടീച്ചർ ചോദിച്ച ചോദ്യത്തിന് മൂന്നരവയസ്സുള്ള കുട്ടി ടീച്ചർ ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ല എന്ന കാരണത്താൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ചു എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാൻ കഴിയാത്ത ഒരു പ്രവർത്തനമാണ് ടീച്ചർ ചെയ്തത്.  

പ്ലേ സ്കൂൾ പ്രായം എന്നത് കുട്ടിക്ക് സ്നേഹവും പരിലാളനയും പരിഗണനയും അംഗീകാരവും പ്രോത്സാഹനവും ലഭിക്കേണ്ട പ്രായമാണ് .  അതവർ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. സ്വന്തം വീട് കഴിഞ്ഞാൽ രണ്ടാമത്തെ വീടാണ് പ്രീപ്രൈമറി സ്കൂളുകളും വിദ്യാലയങ്ങളും. കുട്ടികൾ ആരാധിക്കുന്ന ആളാണ് ടീച്ചർ. കുട്ടികൾ വൈകാരികമായി ഇഷ്ടപ്പെടുന്ന ആളാണ് ടീച്ചർ. 

അങ്ങനെ ഒരു ടീച്ചർ കുട്ടിയെ ഈ വിധത്തിൽ ശിക്ഷിക്കുന്നത് കുട്ടിക്ക് ശാരീരികമായി മാത്രമല്ല മാനസികമായി ഉണ്ടാക്കുന്ന പരിക്ക് വളരെ വലുതാണ് .ഇത് ടീച്ചർമാർക്ക് മനസ്സിലാകുന്നില്ല എന്നതാണ് 
പ്രധാന പ്രശ്നം. കുട്ടിയുടെ വളർച്ചയും വികാസവും സംബന്ധിച്ച് യാതൊരു ബോധവുമില്ലാതെ യാതൊരു പരിശീലനവും ലഭിക്കാത്തവരാണ് പല സ്വകാര്യ സ്കൂളുകളിലും നിയമിതനാകുന്നത്. അതിന്റെതായ പ്രത്യാഘാതങ്ങളും ഉണ്ടാകുന്നുണ്ട്. അതിനുദാഹരണമാണ് എറണാകുളം ജില്ലയിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.ഈ പ്രശ്നത്തെ ഗൗരവമായി അഭിമുഖീകരിക്കേണ്ടതുണ്ട്. 

പ്രീസ്കൂൾ വിദ്യാഭ്യാസത്തെയടക്കം പരിഗണിച്ചു കൊണ്ട് ഉത്തരവാദിത്ത രക്ഷാകർതൃത്വം സംബന്ധിച്ച് രക്ഷിതാക്കൾക്ക് ധാരണ വികസിപ്പിക്കാൻ രക്ഷാകർതൃ പുസ്തകം എസ് സി ഇ ആർ ടി  തയ്യാറാക്കിയിട്ടുണ്ട്. കുട്ടിയോട് എങ്ങനെ പെരുമാറണമെന്നും കുട്ടികളുടെ പ്രായത്തിൻ്റെ സവിശേഷത എന്തെന്നും അഭികാമ്യമായ രക്ഷാകർതൃത്വം എന്നാൽ എന്ത് എന്നൊക്കെ കാര്യങ്ങൾക്കായുള്ള കാര്യങ്ങൾ പുസ്തകത്തിലുണ്ട്. എന്തൊക്കെയാകാമെന്നും എന്തൊക്കെ അരുതെന്നും വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. രക്ഷാകർത്താക്കളെ മാത്രം ബോധവത്ക്കരിച്ചാൽ മതിയാകില്ല.  അധ്യാപകരുടെ ഇടയിലുള്ള വികലമായ ധാരണങ്ങൾ മാറ്റുകയെന്നത് പ്രധാനമാണ്. ഇതിൽ പ്രൈവറ്റ് പ്ലേ സ്കൂൾ അടക്കം വരും. ഇക്കാര്യത്തിൽ  എന്തൊക്കെ ചെയ്യാൻ പറ്റും എന്നുള്ള കാര്യം 
ഗൗരവത്തോടെ സർക്കാർ പരിഗണിക്കുന്നതാണ്. ഇന്ത്യ യുനൈറ്റഡ് നേഷൻസ് ബാലാവകാശ കമ്മീഷൻ ധാരണയിൽ ഒപ്പിട്ട രാജ്യമാണ്. .ഈ കമ്മീഷൻ റിപ്പോർട്ട് കുട്ടികളുടെ അവകാശത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇത് പ്രകാരം കുട്ടികളെ ശാരീരികമായോ മാനസികമായോ മർദ്ദിക്കുന്നത് കുറ്റകരമാണ്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ സെക്ഷൻ 17 ഭാഗം 1 വകുപ്പ് പ്രകാരം കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് -അതിൽ മർദ്ദനം, അധിക്ഷേപം എന്നിവയെല്ലാം വരും  -ശിക്ഷാർഹമാണ്. 17 ഭാഗം 2 പ്രകാരം ഇത്തരം പ്രവൃത്തികൾ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതിപാദിക്കുന്നുണ്ട്. കുട്ടികളെ മർദ്ദിക്കരുതെന്നും അത്തരം നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും എല്ലാ വിദ്യാലയങ്ങളെയും അറിയിച്ചിട്ടുണ്ട്.  അതിൻറെ തുടർച്ച എന്ന നിലയിൽ സംസ്ഥാന സർക്കാർ തയ്യാറാക്കി 2011 മെയ് മാസം 6 ന് ജി.ഒ  (പി)  നം 100 /2011/ ജനറൽ എഡ്യൂക്കേഷൻ പ്രകാരം നോട്ടിഫൈ ചെയ്ത ചട്ടങ്ങളിൽ ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ നിയമങ്ങളെല്ലാം വ്യക്തമാക്കുന്നത് ടീച്ചർ ചെയ്തത് ഗൗരവമായ കുറ്റമാണ് എന്നതാണ്.  

ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ എറണാകുളം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ മട്ടാഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് നടപടിയുമായി മുന്നോട്ടു പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 10-10-2024 ന് എഫ് ഐ ആർ 0814 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂൾ മാനേജ്മൻ്റ് ടീച്ചറെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. 

ഈ അധ്യാപികയെ 2024 ഒക്ടോബർ 10- ലെ എഫ്.ഐ.ആർ. നമ്പർ 814 പ്രകാരം പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സ്കൂൾ രേഖകളുടെ വിശദമായ പരിശോധനയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന് കണ്ടെത്തുന്ന പക്ഷം കേരള വിദ്യാഭ്യാസ നിയമം, അധ്യായം 5 റൂൾ 3 പ്രകാരം അധികൃതർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതാണ്.
ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതാണെങ്കിലും കുട്ടികൾക്കെതിരെയുള്ളതായതിനാൽ ഇതിനെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് കെ.ഇ.ആർ. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. സംസ്ഥാനത്ത് കേരള, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., സിലബസുകളിലുള്ള സ്‌കൂളുകളാണ് പ്രവർത്തിച്ചു വരുന്നത്. ഈ സ്‌കൂളുകൾക്ക് പ്രവർത്തിക്കാനുള്ള നിരാക്ഷേപ പത്രം നൽകുന്നത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങൾ പ്രവർത്തിപ്പിക്കാനുള്ള അവകാശമുള്ളൂ.

സംസ്ഥാനത്ത് നിയമാനുസൃതമല്ലാതെയും അംഗീകാരമില്ലാതെയും പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അംഗീകാരപത്രമുണ്ടോ, അനിയന്ത്രിതമായി ഫീസ് വാങ്ങുന്നുണ്ടോ, തലവരി പണം വാങ്ങുന്നുണ്ടോ എന്നീ കാര്യങ്ങൾ ഒക്കെ പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിക്കുമെന്നും  വ്യക്തമാക്കി.