Public school teachers may not work in private tuition institutions

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങൾ പോലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും കൈക്കൊള്ളും. അധ്യാപക തസ്തികകൾ ഉണ്ടായാൽ നിയമിക്കാൻ പി എസ് സി ലിസ്റ്റുകൾ തന്നെ നിലവിൽ ഉണ്ട്.
സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പി ടി എ അധികൃതരോട് മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിൽ പൊതു വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെട്ടത് പൊതു സമൂഹത്തിന്റെയാകെ പിന്തുണയോടെയാണ്. ആ പിന്തുണ തുടരണം.

പരീക്ഷ പേപ്പറിലെ ചില ചോദ്യങ്ങൾ യൂട്യൂബ് ചാനലിൽ വന്നതിനെ കുറിച്ചുള്ള ശക്തമായ അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കർശനമായ നടപടികളാണ് കൈക്കൊള്ളുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയ്ക്കും സൈബർ സെല്ലിനും പരാതി നൽകുകയും ഡിജിപിയെ നേരിൽ കാണുകയുണ്ടായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. വീഴ്ച ഉണ്ടാവാൻ സമ്മതിക്കുകയുമില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.