ഫോട്ടോയ്ക്കും പേജ് ലേഔട്ടിനും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമ്മാനം
എൻട്രികൾ ഡിസംബർ 31 വരെ സ്വീകരിക്കും
ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽ നവംബറിൽ സംഘടിപ്പിച്ച സംസ്ഥാന സ്‌കൂൾ ഗെയിംസിലെ മികച്ച ഫോട്ടോയ്ക്കും പേജ് ലേഔട്ടിനും പൊതു വിദ്യാഭ്യാസ വകുപ്പ് സമ്മാനം നൽകും. ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോ-പത്ര-വീഡിയോ എക്സിബിഷനിൽ ഗ്യാലപ് പോളിലൂടെയാണ് അവാർഡ് ജേതാക്കളെ നിശ്ചയിക്കുക.
സംസ്ഥാന സ്‌കൂൾ കായികമേളയുടെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചവയാകണം ഫോട്ടോകൾ. ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം നായനാർ പാർക്കിൽ കേരള മീഡിയ അക്കാദമിയുടെയും പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് മൾട്ടിമീഡിയ എക്സിബിഷൻ നടത്തും. കാണികൾ തിരഞ്ഞെടുക്കുന്ന ഫോട്ടോയ്ക്കും ലേ ഔട്ടിനും ആയിരിക്കും പുരസ്‌കാരങ്ങൾ നൽകുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ക്യാഷ് പ്രൈസും ഫലകവും സർട്ടിഫിക്കറ്റും കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സമ്മാനിക്കും. ഒരു ഫോട്ടോഗ്രാഫർക്ക് മൂന്ന് ഫോട്ടോകളും ഒരു പത്രത്തിൽ നിന്ന് മൂന്ന് ലേഔട്ടും അയക്കാം. schoolgameskerala@gmail.com വിലാസത്തിൽ ഡിസംബർ 31 നുള്ളിൽ എൻട്രികൾ ലഭിച്ചിരിക്കണം. പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പിയും അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9447202479.