MalayalamSri project inaugurated

മലയാളശ്രീ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

കേരള സംസ്ഥാന സാക്ഷരതാ മിഷൻ കേരളത്തിലെ ഓറിയന്റൽ സ്‌കൂളുകളുമായി ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ് സി ഇ ആർ ടിയുടെയും സഹായത്തോടെ നടപ്പാക്കുന്ന ‘മലയാളശ്രീ’ ഓറിയന്റൽ സ്‌കൂൾ ഭാഷാ പഠനപദ്ധതിയ്ക്ക് തുടക്കമായി. തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഭരണഘടന മാറ്റിമറിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ നിലവിലെ വിദ്യാഭ്യാസചട്ടങ്ങൾ കാലാനുസൃതമായി മാറ്റേണ്ടത് അനിവാര്യതയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഓറിയന്റൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ഏറെ നാളത്തെ ആവശ്യവും അഭിലാഷവുമാണ് മലയാളശ്രീയിലൂടെ സാധ്യമാകുന്നത്. അനൗപചാരിക വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങൾ തുറന്നുകൊണ്ട് സാക്ഷരതാ മിഷൻ ഓറിയന്റൽ സ്‌കൂളുകളുമായി ചേർന്ന് നടത്തുന്ന ഈ സംരംഭം ഏറെ പ്രശംസ അർഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മലയാളശ്രീ പാഠപുസ്തകം മന്ത്രി സമ്മാനിച്ചു.