ശ്രീ. വി. ശിവൻകുട്ടി

1954 നവംബർ 10-ന് ചെറുവക്കലിൽ എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായി ജനിച്ച  വി. ശിവൻകുട്ടി ചരിത്രത്തിൽ ബിരുദവും തുടര്‍ന്ന് എൽ.എൽ.ബി.യും പൂർത്തിയാക്കി. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയാണ് ജീവിതപങ്കാളി.

രാഷ്ട്രീയ ജീവിതം 

വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ.-യിലൂടെ രാഷ്ട്രീയപ്രവേശം നടത്തി. എസ്.എഫ്.ഐ-യുടെ ജില്ല- പ്രസിഡന്റ് , സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളില്‍  പ്രവർത്തിച്ചു. പിൽക്കാലത്ത് എസ്.എഫ്.ഐ-യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.

ഉള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോർപ്പറേഷന്‍ മേയർ, അഖിലേന്ത്യാ മേയേഴ്സ് കൌൺസില്‍  ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

2006-ൽ തിരുവനന്തപുരം ഈസ്റ്റിൽ നിന്നും 2011-ല്‍ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു.
സി.ഐ.ടി.യു.-വിന്റെ ജില്ലാ പ്രസിഡന്റും, സി.പി.ഐ. (എം)-ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു.

പദവികള്‍

ഇരുപത്തിരണ്ടാം മന്ത്രിസഭയിലെ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി
കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം