സംസ്‌കൃത സെമിനാർ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
സംസ്‌കൃതം കാലാതീതമായ അറിവിന്റെ കലവറയാണെന്നും കേരളത്തിന്റെ വൈവിധ്യമാർന്ന പൈതൃകത്തെ ആഘോഷിക്കാനുള്ള അവസരമായാണ് സംസ്‌കൃത സെമിനാറിനെ കാണുന്നതെന്നും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി. 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ഗവ.തൈക്കാട് മോഡൽ എൽ.പി.എസിൽ നടക്കുന്ന സംസ്‌കൃത കലോത്സവത്തോടനുബന്ധിച്ച് സംസ്‌കൃത സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭക്ഷ്യവകുപ്പു മന്ത്രി ജി ആർ അനിൽ പങ്കെടുത്തു.
തൈക്കാട് ഗവ എൽ പി സ്‌കൂളിൽ നടന്ന സെമിനാർ അവതരിപ്പിച്ചത് റേഡിയോ വാർത്താ അവതാരകനായ ഡോ ബലദേവാനന്ദ സാഗറാണ്. ആധുനികയുഗേ സംസ്‌കൃതസ്യ പ്രധാന്യം എന്ന വിഷയത്തിലായിരുന്നു സെമിനാർ. സംസ്‌കൃതാധ്യാപകൻ അജയ് ഘോഷ് സ്വാഗതം ആശംസിച്ചു. സംസ്‌കൃത പ്രൊഫസർ ഡോ ഒ എസ് സുധീഷ് മോഡറേറ്ററായി. അതിനെ തുടർന്നുള്ള ചർച്ച ഡോ പി പദ്മനാഭൻ ഗുരുവായൂർ നയിച്ചു.
പരിപാടിക്ക് മുൻപായി കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം യു പി സ്‌കൂളിലെ കുട്ടികൾ സംസ്‌കൃത സംഗീതത്തിന്റെ അകമ്പടിയിൽ മെഗാ തിരുവാതിര അവതരിപ്പിച്ചു. സ്വാഗതഗാനം ആലപിച്ചത് 63 സംസ്‌കൃത അധ്യാപകർ അടങ്ങുന്ന സംഘമാണ്. സംസ്‌കൃത ഭാഷയിൽ പണ്ഡിതരായ വിശിഷ്ട വ്യകതികളെ വേദിയിൽ ആദരിച്ചു.