ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മുദ്രാഗാനം പ്രകാശനം ചെയ്തു
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം സീസണിന്റെ മുദ്രാഗാനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു.
ഹരിതവിദ്യാലയം ഒന്നാം സീസനുവേണ്ടി കവി പ്രൊഫ.ഒ.എൻ.വി കുറുപ്പ് രചിച്ച് ഐസക് തോമസ് കൊട്ടുകാപ്പള്ളി സംഗീതം നൽകിയ മുദ്രാഗാനത്തിന്റെ പുതിയ ആവിഷ്കാരമാണ് പ്രകാശനം ചെയ്തത്. വിജയ് യേശുദാസും ശ്വേതാ മോഹനും ചേർന്ന് ആലപിച്ച മൺതരി തൊട്ട് മഹാകാശം വരെ എന്ന് തുടങ്ങുന്ന മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കാരം നടത്തിയിരിക്കുന്നത് കൈറ്റ് വിക്ടേഴ്സാണ്.
മികവിന്റെ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ട് ഷോയുടെ ഭാഗമായി എത്തുന്ന സ്കൂളുകൾ കഠിനമായ പ്രയത്നത്തിലൂടെയാണ് ഈ ഷോയിൽ എത്തുന്നത്. എന്തെല്ലാം പ്രവർത്തനങ്ങളാണ് ആ സ്കൂളുകളിൽ നടന്നത്? ജനകീയ പിന്തുണ എങ്ങനെ ആയിരുന്നു? അവരുടെ ആസൂത്രണ പദ്ധതി എന്തായിരുന്നു എന്ന കാര്യം എല്ലാ അധ്യാപകരും പരിശോധിക്കണമെന്നും അവ തങ്ങളുടെ സ്കൂളുകളിൽ നടപ്പിലാക്കാനുള്ള ശ്രമം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സ്കൂളുകളുടെഅക്കാദമിക-സാങ്കേതിക-അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തിരഞ്ഞെടുത്തത്. സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
നമ്മുടെ സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളെ ജനങ്ങൾക്കറിയാനുള്ള അവസരം കൂടിയാണിത്. അതുകൊണ്ട് വളരെ ഗൗരവകരമായാണ് വിദ്യാഭ്യാസ വകുപ്പ് ഈ റിയാലിറ്റി ഷോയെ കാണുന്നത്. പ്രാഥമിക റൗണ്ടിൽ അപേക്ഷിച്ച 855 സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 85 സ്കൂളുകളാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നത്.
മുൻ എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ ഇത്തവണ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. പ്രൈമറിക്കും ഹൈസ്കൂൾ-ഹയർസെക്കന്ററിക്കും രണ്ട് വിഭാഗങ്ങളുണ്ട്. സമ്മാനത്തുക പണമായി നൽകാതെ കുട്ടികൾക്ക് ഉപയോഗിക്കേണ്ട ഐസിടി ഉപകരണങ്ങളായാണ് ഇത്തവണ സമ്മാനങ്ങൾ നൽകുക. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് 7 ലക്ഷം രൂപയുടെയും രണ്ടാം സ്ഥാനക്കാർക്ക് 5.28 ലക്ഷം രൂപയുടെയും മൂന്നാം സ്ഥാനക്കാർക്ക് 3.52 ലക്ഷത്തിന്റെയും ഉപകരണങ്ങൾ നൽകും. അവസാന റൗണ്ടിലെത്തുന്ന രണ്ട് സ്കൂളുകൾക്ക് 1.76 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സമ്മാനമായി ലഭിക്കും. പ്രൈമറി വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 5.28, 3.52, 2.46 ലക്ഷം രൂപയുടെ വീതം ഉപകരണങ്ങൾ സമ്മാനമായി നൽകുന്നതാണ്. അവസാന റൗണ്ടിലെത്തുന്ന മറ്റ് രണ്ട് സ്കൂളുകൾക്ക് 1.41 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ആണ് ലഭിക്കുക.