സംസ്ഥാനത്ത് 7 പുതിയ ഡിസ്പെൻസറികൾ സ്ഥാപിക്കുവാൻ ESI കോർപ്പറേഷൻ അനുമതി ലഭിച്ചുവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന 115-മത് റീജണൽ ബോർഡ് ഇ എസ് ഐ കോർപ്പറേഷൻ യോഗത്തിൽ ആണ് തീരുമാനം.
ബാലുശ്ശേരി , റാന്നി , കൂറ്റനാട് , വെഞ്ഞാറമൂട് , ആലത്തൂർ , താമരശ്ശേരി , കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിലാണ് പുതിയതായി ഡിസ്പെൻസറികൾ സ്ഥാപിക്കുവാൻ അനുമതി ലഭിച്ചത്. ഇതിൽ കൂത്താട്ടുകുളം ഡിസ്പെൻസറിയിൽ 3 ഡോക്ടർമാരുടെയും മറ്റുള്ള ഡിസ്പെൻസറികളിൽ രണ്ട് ഡോക്ടർമാരുടെയും സേവനം ലഭ്യമാക്കുവാനും തീരുമാനമായി.
വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാതെ ശോചനീയ അവസ്ഥയിൽ ആയിരുന്ന കെട്ടിടങ്ങളുടെ
അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കും. ഉപയോഗശൂന്യമായ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 28 ഡിസ്പെൻസറികൾ മാറ്റി സ്ഥാപിക്കുവാനും ഇന്ന് നടന്ന യോഗത്തിൽ തീരുമാനമായി.
കോവിഡ് കാലഘട്ടത്തിൽ ഇ എസ് ഐ സേവനങ്ങൾ ഓൺലൈനായി ലഭിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. കോവിഡ് ബാധിച്ച് മരണപ്പെട്ട ഇ എസ് ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ ബന്ധുക്കൾക്ക് ഇ എസ് ഐ കോവിഡ്-19 റിലീഫ് സ്കീം പ്രകാരം സഹായം വിതരണം ചെയ്തു.
തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിനി ആൻറണി ഐഎഎസ്,ഇഎസ്ഐ റീജനൽ ഡയറക്ടർ മാത്യൂസ് മാത്യു , ഇൻഷുറൻസ് മെഡിക്കൽ സർവീസ് ഡയറക്ടർ ഡോ. മാലിനി എസ്. ബോർഡ് മെമ്പർ വി രാധാകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.