Construction of 46.79 km of roads in Thiruvananthapuram city at a cost of `464.3 crore under Smart City project

സ്മാർട്സിറ്റി പദ്ധതി പ്രകാരം തിരുവനന്തപുരം നഗരത്തിൽ 464.3 കോടി രൂപ മുടക്കി 46.79 കിലോമീറ്റർ റോഡ് നിർമാണം

 പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉന്നത സമിതിയെ നിയോഗിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം*

സ്മാർട്സിറ്റി പദ്ധതി പ്രകാരം തിരുവനന്തപുരം നഗരത്തിൽ 464.3 കോടി രൂപയുടെ റോഡ് പദ്ധതി. നഗരത്തിനുള്ളിൽ 46.79 കിലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിൽ പിഡബ്ലിയുഡി – എൻ എച്ചിന്റെ ഉടമസ്ഥതയിൽ 6.426 കിലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്. ഇതിന് 119.85 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.

മൂന്നാംഘട്ടത്തിൽ കെ ആർ എഫ് ബിയുടെ ഉടമസ്ഥതയിൽ 16.598 കിലോമീറ്റർ റോഡ് നിർമ്മിക്കും. 124.27 കോടി രൂപയുടെ ചെലവാണ് ഇതിന് കണക്കാക്കിയിരിക്കുന്നത്. നാലാം ഘട്ടത്തിൽ പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിൽ നിർമ്മിക്കുന്ന 13.913 കിലോമീറ്റർ റോഡിന് 129.19 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പിന്നീടുള്ള ഘട്ടങ്ങളിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ 9.856 കിലോമീറ്റർ റോഡ് നിർമ്മിക്കും. ഇതിന് 90.99 കോടി രൂപയാണ് ചെലവഴിക്കുന്നത്.

പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ.ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്,ജില്ലാ കളക്ടർ നവജ്യോത് ഖോസ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. വിവിധ വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

റോഡ് നിർമ്മാണ വേളയിൽ നഗരത്തിൽ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന്‌ യോഗം നിർദ്ദേശിച്ചു. യഥാസമയം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശത്തെ എംഎൽഎമാരെ ഉൾക്കൊള്ളുന്ന ഉന്നതതല സമിതി രൂപീകരിക്കാനും തീരുമാനമായി.