കായിക പ്രതിഭകളായ വ്യക്തികളുടെ ജീവചരിത്രം കുട്ടികള്‍ക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. 2021 ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പത്മശ്രീ പി. ആര്‍. ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ആദരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീജേഷ് കേരളത്തിന്‍റേയും ഇന്ത്യയുടേയും അഭിമാനമാണ്. ശ്രീജേഷിന്‍റെ ജീവിതം കേരളത്തിലെ കുട്ടികള്‍ക്ക് മാതൃകയാവേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പി.ആര്‍.ശ്രീജേഷിനെ സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജോയിന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയ ഉത്തരവ് മന്ത്രി ശ്രീജേഷിന് നല്‍കി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു ഐ.എ.എസ്, അധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ്, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം.എ.ലാല്‍, എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ബി അബുരാജ്, അഡീഷണല്‍ ഡി.പി.ഐ എം.കെ. ഷൈന്‍മോന്‍, ഹയര്‍സെക്കന്‍ററി ജോയിന്‍റ് ഡയറക്ടര്‍ അക്കാദമിക് ആര്‍. സുരേഷ്കുമാര്‍, വോക്കേഷണല്‍ ഹയര്‍സെക്കന്‍ററി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. അനില്‍ കുമാര്‍, പരീക്ഷാഭവന്‍ ജോയിന്‍റ് കമ്മീഷണര്‍ ഡോ. ഗിരീഷ് ചോലയില്‍, ടെക്സ്റ്റ് ബുക്ക് ആഫീസര്‍ ടോണി ജോണ്‍സണ്‍, വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വീസ് സംഘടനകളും ശ്രീജേഷിന് ഉപഹാരങ്ങള്‍ നല്‍കി.