സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആവിഷ്കരിച്ചു നടപ്പാക്കണം; തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഊന്നൽ നൽകണം; തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-II മുതൽ അഡീഷണൽ ലേബർ കമ്മീഷണർ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളി താല്പര്യം സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ മുൻഗണന നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് സംസ്ഥാനത്തെ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യണം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും വർഷംതോറും രജിസ്ട്രേഷൻ പുതുക്കണം. എന്നാൽ 2021ലെ രജിസ്ട്രേഷൻ /റിന്യൂവൽ കണക്കനുസരിച്ച് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ 88.57 ശതമാനം മാത്രമാണ് പുതുക്കിയിട്ടുള്ളത്.
കെട്ടിട സെസ് പിരിവ് ഊർജ്ജിതമാക്കുന്നതിന് നടപടി ഉണ്ടാകണം. ഇതിനായി സെസ് അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി തുക ആദാലത്തിലൂടെ പിരിച്ചെടുത്ത് നിർമ്മാണ ബോർഡിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിന് കഴിയണം. കുടിശ്ശികയായ മുഴുവൻ തുകയും പിരിച്ചെടുക്കുന്നതിന് ആവശ്യമായ പദ്ധതികൾ ലേബർ കമ്മീഷണർ തലത്തിൽ ആവിഷ്കരിക്കണം.
സംസ്ഥാനത്ത് നൂറുകണക്കിന് ഗ്രാറ്റിവിറ്റി കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കണം. മിനിമം വേതന നിയമപ്രകാരം കുടിശ്ശികക്ക് വേണ്ടി നിരവധി ക്ലെയിം പെറ്റീഷനുകളിലും നടപടിയെടുക്കേണ്ടതുണ്ട്. ഉന്നതതല യോഗം ചേർന്ന് ഈ പ്രശ്നം പരിഹരിക്കണം.
സംസ്ഥാന തൊഴിൽ മേഖലയിൽ ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പു വരുത്താൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് ലേബർ കമ്മീഷണറേറ്റ് നേതൃത്വം നൽകണം. ലേബർ കോഡുകൾ സംസ്ഥാനത്ത് നടപ്പാക്കുമ്പോൾ ഘടനാപരമായ വ്യത്യാസം തൊഴിൽ വകുപ്പിൽ ഉണ്ടാകാനിടയുണ്ട്. തൊഴിൽ വകുപ്പ് പുന:സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് ലേബർ കമ്മീഷണർക്ക് നിർദേശം നൽകി.
നോക്കുകൂലി സംബന്ധിച്ചുള്ള പരാതികളിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണം. പരാതികളിൽ അടിയന്തരമായി ഇടപെടുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ഒരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.