ഹയർസെക്കണ്ടറി വിദ്യാർഥികൾക്ക് മലയാളത്തിൽ സ്വയംപഠന സഹായികളുമായി സ്കോൾ-കേരള
സ്കോൾ-കേരള വിദ്യാർഥികൾക്ക് സ്വയംപഠിക്കാവുന്ന തരത്തിൽ ഹയർ സെക്കണ്ടറി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ തയ്യാറാക്കി വിതരണം ചെയ്തുവരുന്ന സ്വയംപഠന സഹായികളുടെ മലയാള പരിഭാഷ പുറത്തിറക്കി . ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ഒന്നാം വർഷത്തെ സ്വയംപഠന സഹായികളാണ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്.
സ്കോൾ-കേരള ചെയർമാൻ
കൂടിയായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസിന് നൽകി പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഐ.എ.എസ് മുഖ്യ അതിഥിയായി.സ്കോൾ-കേരള വൈസ് ചെയർമാൻ ഡോ. പി പ്രമോദ്, അക്കാദമിക് അസോസിയേറ്റ് ലത പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അടുത്ത ആഴ്ച മുതൽ സ്കോൾ-കേരളയുടെ സംസ്ഥാന/ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ഇവയുടെ വിൽപ്പന ആരംഭിക്കും. വിലയും മറ്റ് വിശദാംശങ്ങളും സ്കോൾ-കേരളയുടെ വെബ് സൈറ്റിൽ നിന്ന് ലഭിക്കും. ഹയർസെക്കണ്ടറി കോഴ്സിന് പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രയോജനപ്രദമാകുന്നതിന് ഹയർസെക്കണ്ടറി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ അൽപ്പംപോലും ചോർച്ചവരാതെ സമഗ്രവും ശാസ്ത്രീയവും ലളിതവുമായ രീതിയിലാണ് തർജ്ജമ നിർവഹിച്ചിട്ടുള്ളത്. വിദ്യാർഥികൾക്ക് അനായാസം ഗ്രഹിക്കുന്നതിനായി ചാർട്ടുകൾ, ഗ്രാഫുകൾ, പട്ടികകൾ എന്നിവയിലൂടെ പാഠഭാഗങ്ങൾ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. ഓരോ പഠനനേട്ടങ്ങൾക്കും പ്രത്യേക ഊന്നൽ നൽകിയിട്ടുള്ള വിവരണങ്ങളും ഹയർസെക്കണ്ടറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിരന്തര മൂല്യനിർണ്ണയം, സ്വയം വിലയിരുത്തൽ തുടങ്ങിയപ്രവർത്തനങ്ങളും ഉൾപ്പെടുന്നു. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ഒന്നും രണ്ടും വർഷത്തെ പാഠപുസ്തകങ്ങൾ നാല് ഭാഗങ്ങളായുള്ള സ്വയംപഠന സഹായികളായി ലഭിക്കും. സംസ്ഥാനത്തെ റഗുലർ ഹയർസെക്കണ്ടറി വിദ്യാർഥികൾ ഉൾപ്പെടെ മുഴുവൻ പേർക്കും പാഠപുസ്തകത്തോടൊപ്പം സ്കോൾ-കേരള തയ്യാറാക്കിയിട്ടുള്ള സ്വയംപഠന സഹായികൾ പ്രയോജനപ്പെടുത്താനാകും.