Allowance of honorarium for teachers and maids and arrears of cooking expenses of schools

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക തൊഴിലാളികൾക്കുള്ള കുടിശിക ഓണറേറിയവും അംഗീകൃത പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപകർക്കും ആയമാർക്കുമുള്ള ഓണറേറിയവും സ്‌കൂളുകളുടെ പാചക ചെലവിനത്തിലെ കുടിശികയും അനുവദിച്ചു.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക തൊഴിലാളികളുടെ 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മുഴുവൻ ഓണറേറിയവും മാർച്ച് മാസത്തെ ഓണറേറിയത്തിൽ 4000 രൂപയും അനുവദിച്ചു. 2022-23 സാമ്പത്തിക വർഷത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിച്ച രണ്ടാം ഗഡു വിഹിതം ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി 29.79 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതി നടത്തിപ്പിനായി സ്കൂളുകൾക്ക് പാചക ഇനത്തിൽ ജനുവരി,ഫെബ്രുവരി മാസങ്ങളിലെ കുടിശികയായിരുന്ന 83.48 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളോട് അനുബന്ധിച്ച് അധ്യാപക – രക്ഷകർതൃ സമിതിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപകർക്കും ആയമാർക്കും 2023 മാർച്ച് മാസത്തെ പ്രതിമാസ ഓണറേറിയം ഏപ്രിൽ 11ൽ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും വിതരണം നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ച തുക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുഖാന്തരം അതാത് ജീവനക്കാരുടെ അക്കൗണ്ടുകളിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 2022-23 അധ്യയന വർഷത്തെ ഓണറേറിയം ഇനത്തിലുള്ള മുഴുവൻ തുകയും ഇപ്രകാരം ലഭ്യമാക്കിയിട്ടുണ്ട്.