Picture book style to make learning easier and smoother

പാഠപുസ്തകങ്ങൾക്കൊപ്പം സചിത്രപഠനവും ഉൾപ്പെടുത്തി സംസ്ഥാനത്തെ എൽ.പി. സ്കൂളുകളിൽ അധ്യയനരീതിയിൽ പരിഷ്‌കാരം 

അധ്യയനം കൂടുതൽ ലളിതവും സുഗമവുമാക്കാനായി സചിത്രപുസ്തകരീതി ആവിഷ്കരിച്ചു. ഇതിനായി അധ്യാപകർ സചിത്ര നോട്ടുപുസ്തകം തയ്യാറാക്കും. ഒന്നും രണ്ടും ക്ലാസുകളിൽ ഈ വർഷം പരീക്ഷണാടിസ്ഥാനത്തിലാണ് അധ്യയനരീതി ആവിഷ്കരിച്ചിരിക്കുന്നത്. വരുംവർഷങ്ങളിൽ മറ്റു ക്ലാസുകളിലും പദ്ധതി നടപ്പിലാക്കും.

അക്ഷരമാലയ്ക്കു പകരം ആശയാവതരണരീതി ഉപയോഗിച്ചാണ് ഇപ്പോഴത്തെ അധ്യയനം. ആദ്യഘട്ടത്തിൽ ഒന്ന്, രണ്ട് ക്ലാസുകളിൽ മലയാളം പഠിപ്പിക്കാനാണ് ഉപയോഗിക്കുന്നത് . മൂന്നാം ക്ലാസിൽ ഗണിതത്തിലും നാലിൽ ഇംഗ്ലീഷിലും ഈ രീതി നടപ്പാക്കും. അധ്യയനവർഷം തുടങ്ങി രണ്ടാഴ്ച അഞ്ചു ചിത്രീകരണങ്ങളുള്ള സചിത്രപുസ്തകരീതി അവലംബിക്കും. ഇങ്ങനെ, അക്ഷരങ്ങളും വാക്കുകളും ഉറച്ചുകഴിഞ്ഞശേഷം പാഠപുസ്തകങ്ങൾ പഠിപ്പിച്ചു തുടങ്ങും. സമഗ്രശിക്ഷാ കേരളം മുൻകൈയെടുത്തുള്ള പരിഷ്‌കാരത്തിനായി എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ഉള്ളടക്കം ഉപയോഗിച്ച് വേനലവധിക്കാലത്ത് പ്രൈമറി അധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു. ഒന്നാം ക്ലാസിലെ എല്ലാ കുട്ടികളെയും പരാശ്രയമില്ലാതെ എഴുതാനും വായിക്കാനും പ്രാപ്തരാക്കാനാണ് ഈ രീതി. പഠനസാമഗ്രികൾ തയ്യാറാക്കാൻ ഓരോ ഡിവിഷനും ആയിരം രൂപയുടെ ധനസഹായവും മറ്റു പിന്തുണയും സ്‌കൂളുകൾക്കു നൽകും. ഇപ്പോൾ സർക്കാർ സ്‌കൂളുകളിലാണ് കാര്യമായി നടക്കുന്നതെങ്കിലും അടുത്ത അധ്യയനവർഷത്തോടെ ഇതു വ്യാപകമാക്കും. സചിത്രരീതി ഒരു കഥയുമായി ബന്ധപ്പെട്ട രംഗങ്ങൾ സചിത്രപുസ്തകത്തിൽ ചിത്രീകരിക്കും. തത്തയും താരയുമാണ് ഒന്നാം ക്ലാസിലെ കഥാപാത്രങ്ങൾ. ഈ ദൃശ്യാനുഭവത്തെ അടിസ്ഥാനമാക്കി ടീച്ചറും കുട്ടികളും തമ്മിലുള്ള സംഭാഷണത്തിലൂടെ ഉരുത്തിരിയുന്ന ആശയങ്ങൾ വായനാപാഠങ്ങളായിമാറും. ഒന്നാം ക്ലാസിൽ കുട്ടികൾ പഠിക്കേണ്ട അക്ഷരങ്ങളെ ക്രമീകരിച്ച് ആ അക്ഷരങ്ങൾക്ക് ഊന്നൽ ലഭിക്കുന്നവിധത്തിൽ കഥാപാത്രങ്ങളും സംഭവങ്ങളും ചിത്രീകരിക്കും. അക്ഷരം, വാക്ക്, ഭാഷയുടെ താളം, ഭാവാത്മകവായന എന്നിവയിലൂടെ കുട്ടികളിൽ ആശയവികാസം ഉറപ്പാക്കുന്നതാണ് രീതി. കുട്ടികളിൽ കൗതുകവും താത്‌പര്യവും ജനിപ്പിക്കാൻ ഓരോ ദിവസവും പുതുമയുള്ള ചിത്രീകരണത്തോടെയാണ് സചിത്രപുസ്തകം തയ്യാറാക്കിയിരിക്കുന്നത്.