Thiruvananthapuram is all set for the 63rd State School Arts Festival
അറുപത്തി മൂന്നാമത്  കേരള സ്‌കൂൾ കലോത്സവം- കൂടുതൽ അറിയാം 
 
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ നൈസർഗ്ഗിക കലാ സാഹിത്യപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ തിരുവനന്തപുരം നഗരം ഒരുങ്ങി കഴിഞ്ഞു.  രണ്ടായിരത്തി പതിനാറിലാണ് അവസാനമായി തിരുവനന്തപുരം കലോത്സവത്തിന് വേദി ആയത്.   ആയിരത്തി തൊള്ളായിരത്തി അമ്പത്തി ഏഴിൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന മേളയിൽ പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.  സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ  5  നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകുകയാണ്. മംഗലംകളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ. 
 
അന്യം നിന്നു പോകുമായിരുന്ന നാടൻ കലകളും, പ്രാചീന കലകളും  ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് സ്‌കൂൾ കലോത്സവം നൽകിയ സംഭാവന എടുത്ത് പറയേണ്ടതാണ്. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ  വിദ്യാർത്ഥികൾക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി ആയിരം രൂപ നൽകുന്നുണ്ട്. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിർണ്ണയത്തിന് കണ്ടെത്തിയിട്ടുള്ളത്.  
 
വിധി കർത്താക്കളുടെ വിധിനിർണ്ണയത്തിനെതിരെ തർക്കം ഉന്നയിക്കുന്ന ഘട്ടത്തിൽ അത്തരം ഇനങ്ങളിൽ അന്തിമതീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പീൽകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പത്തൊമ്പത് സബ്കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.  അറുപത്തി മൂന്നാമത് കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയിട്ടുണ്ട്. ശ്രീ. ശ്രീനിവാസൻ തൂണേരി രചിച്ച് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്നാണ്  അവതരിപ്പിക്കുന്നത്.  വയനാട് ദുരന്തത്തിന്റെ അതിജീവനത്തിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ്. വെള്ളാർമല സ്‌കൂളിലെ കുട്ടികൾക്ക് കരുത്ത് പകരുന്നതിന് വേദിയിൽ അവർക്ക് സംഘനൃത്തത്തിന് അവസരം കൂടി ഒരുക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാന്റ് എന്നിവിടങ്ങളിൽ കലോത്സവത്തിനെത്തുന്ന കുട്ടികളെയും, വിശിഷ്ഠ വ്യക്തികളേയും സ്വീകരിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. കലോത്സവ ഉദ്ഘാടന വേദിയിൽ അതിഥികളായി എത്തുന്നവർക്ക് പുസ്തകങ്ങളാണ് നൽകുന്നത്. പുസ്തകങ്ങൾ ശേഖരിച്ചു കഴിഞ്ഞു. 2025 ജനുവരി 4 ന് രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ അറുപത്തി മൂന്നാമത് കലോത്സവത്തിന് ഔപചാരികമായ തുടക്കം കുറിക്കും.
 
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സ്‌കൂൾ കലോത്സവം ഒന്നാം വേദിയായ എം. ടി. – നിളയിൽ (സെൻട്രൽ സ്റ്റേഡിയം) 
രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി  ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിക്കും.അതിഥികൾക്ക് നൽകുവാനുള്ള പരിസ്ഥിതി സൗഹൃദമായ ബാഡ്ജുകൾ തയ്യാറാക്കിയിട്ടുണ്ട്.  വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഇനി പറയുന്നു.
 
രജിസ്ട്രേഷൻ കമ്മിറ്റി
 
രജിസ്ട്രേഷൻ എസ്.എം.വി.ഹയർ സെക്കന്ററി സ്‌കൂളിൽ വച്ച് 3 ന് രാവിലെ 10.00  മുതൽ ആരംഭിക്കും.  7 കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം  ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെൽപ്പ് ഡെസ്‌ക്കും രജിസ്ട്രേഷന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ക്രമീകരിച്ചിട്ടുണ്ട്.
 
അക്കോമഡേഷൻ കമ്മിറ്റി
 
കുട്ടികൾ ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുന്ന സമയത്ത് അക്കോമഡേഷൻ സൗകര്യം ആവശ്യമുണ്ടെങ്കിൽ ആയത്                  രേഖപ്പെടുത്തുവാനുള്ള സൗകര്യം  ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരരാർത്ഥികൾക്ക് താമസ സൗകര്യം                    ഒരുക്കുന്നതിനായി 25 സ്‌കൂളുകൾ സജ്ജമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം താമസ                     സൗകര്യമാണ് ഒരുക്കുക. കൂടാതെ 10 സ്‌കൂളുകൾ റിസർവ്വായും കരുതിയിട്ടുണ്ട്. താമസസൗകര്യം ഏർപ്പെടുത്തിയിട്ടുള്ള എല്ലാ സ്‌കൂളുകളിലും വേണ്ട സൗകര്യങ്ങൾ ഒരുക്കും. എല്ലാ സെന്ററുകളിലേയും സൗകര്യങ്ങൾ വിലയിരുത്തി കുട്ടികൾക്ക് വേണ്ട എല്ലാ സഹായം ലഭിക്കുന്നതിന് രാവിലെയും  രാത്രിയും മതിയായ ആൾക്കാരെ  നിയോഗിക്കും. എല്ലാ അക്കോമഡേഷൻ സെന്ററുകളിലും ടീച്ചേഴ്സിനെ രണ്ട് ഷിഫ്റ്റായി ഡ്യട്ടിക്ക് നിയോഗിക്കും. 
കൂടാതെ പെൺകുട്ടികൾ താമസിക്കുന്ന സ്‌കൂളുകളിൽ വനിതാ പോലീസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം  ലഭ്യമാക്കിയിട്ടുണ്ട്.
കുട്ടികളെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബാനർ എല്ലാ സെന്ററുകളിലും സ്ഥാപിച്ചിട്ടുണ്ട്.എല്ലാ സെന്ററുകളിലും മത്സരവേദികൾ, റൂട്ട്മാപ്പ് തുടങ്ങിയവ പ്രദർശിപ്പിക്കും.
 
ഭക്ഷണ കമ്മിറ്റി
 
പുത്തരിക്കണ്ടം മൈതാനത്തിലാണ് ഭക്ഷണ പന്തൽ തയ്യാറാകുന്നത്. മുൻവർഷങ്ങളിലേത് പോലെ പഴയിടം മോഹനൻ നമ്പൂതിരിയെയാണ് ഈ 
വർഷവും പാചകത്തിനായി തെരഞ്ഞെടുത്തത്. ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന 
രീതിയിലാണ് പന്തൽ ഒരുക്കുന്നത്.  3 ന് രാത്രി ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കുന്നത്.
പാചക ആവശ്യത്തിനായി ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ചൂടുവെള്ളം ശേഖരിച്ചുകൊണ്ടുപോകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.ക്ലീനിംഗിനായി കോർപ്പറേഷന്റെ ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കൽ  പരിപാടി നടന്നു വരുന്നു.
 
പബ്ലിസിറ്റി കമ്മിറ്റി
 
സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണ പരിപാടികൾ ലഘു വീഡിയോകളായും ഡിജിറ്റൽ പോസ്റ്ററുകളായും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തുകൊണ്ടും എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും കലോത്സവത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കലോത്സവം സംബന്ധിച്ച പോസ്റ്ററുകൾ, ചുവരെഴുത്ത്, ബാനറുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വേദികൾക്ക് ആവശ്യമായ കമാനങ്ങളുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. വിളമ്പരജാഥ, നഗരം ദീപാലംകൃതമാക്കൽ എന്നീ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
 
പ്രോഗ്രാം കമ്മിറ്റി
 
25 വേദികളിലായിട്ടാണ് മത്സരങ്ങൾ  നടക്കുക. പ്രധാന വേദിയായി സെൻട്രൽ സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്.  മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സരവേദികളിലെല്ലാം കലാപരിപാടികളുടെ വീഡിയോ റെക്കോർഡിംഗിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരയിനങ്ങൾ ഉൾപ്പെടുത്തിയ പ്രോഗ്രാം ഷെഡ്യൂൾ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 വേദികളിലും 5 ദിവസങ്ങളിലേക്കായി 2 ഷിഫ്റ്റുകളിലായി ആവശ്യമുള്ള ഒഫിഷ്യലുകളെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കുട്ടികൾക്ക് നൽകുന്ന പാർട്ടിസിപ്പന്റ് 
കാർഡ് പ്രിന്റ് ചെയ്തിട്ടുണ്ട്. പൊതുനിർദ്ദേശങ്ങൾ, ക്ലസ്റ്റർ പുസ്തകം എന്നിവ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ പ്രോഗ്രാം ഒഫിഷ്യൽസിനും ഫോട്ടോ പതിച്ച ഐ.ഡി കാർഡ് നൽകുന്നതാണ്.മത്സര ഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 
മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സരങ്ങൾ വീക്ഷിക്കുന്നതിനും മത്സരങ്ങൾ പുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് തയ്യാറാക്കിയിട്ടുള്ള മൊബൈൽ ആപ്പ്  റിലീസ് ചെയ്തിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്.
 
സ്റ്റേജ് & പന്തൽ
 
ഒന്നാം വേദിയായി നിശ്ചയിച്ചിട്ടുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ 95 ശതമാനം പണികൾ പൂർത്തിയായി. ടോയ്ലറ്റ് ബ്ലോക്ക്,വിവിധ കമ്മിറ്റികൾക്കും, മീഡിയകൾക്കുമുള്ള സ്റ്റാളുകളുടെ പണി പൂർത്തിയായി വരുന്നു. കൂടാതെ ഫയർഫോഴ്സ്, പോലീസ്, എന്നിവർക്കുള്ള പവലിയൻ പൂർത്തിയായികൊണ്ടിരിക്കുന്നു. ഭക്ഷണ പന്തലിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി വരുന്നു. മറ്റ് വേദികളിലും ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
 
ലൈറ്റ് ആന്റ് സൗണ്ട്
 
പന്തൽ ഒരുക്കിയിട്ടുളള വേദികളുടെ 
നിർമ്മാണം ജനുവരി 1 നകം പൂർത്തീകരിക്കും. ജനുവരി 2 ന് ലൈറ്റ് ആന്റ് സൗണ്ട് ക്രമീകരണങ്ങളും അനുബന്ധമായി പൂർത്തിയാക്കും.  
ഓരോ വേദിയിലും ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റിയുടെ വോളണ്ടിയർമാർ ഉണ്ടാകും.  
കുട്ടികൾക്ക് താമസം ഒരുക്കിയിരിക്കുന്ന സ്ഥലങ്ങളിലും സജ്ജീകരണങ്ങൾ 
ഏർപ്പെടുത്തും. 
 
ട്രാൻസ്പോർട്ട്
 
ജനുവരി 3 മുതൽ റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്ട്രേഷൻ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യ ങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ബസ്സ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും മത്സരാർത്ഥികളെ സ്വീകരിച്ച് വേദികളിലും, അക്കോമെഡേഷൻ സെന്ററുകളിലും, ഭക്ഷണപന്തലിലും എത്തിക്കുന്നതിന് ആവശ്യമായ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വേദികൾ, അക്കൊമെഡേഷൻ സെന്ററുകൾ, പ്രോഗ്രാം ഓഫീസ് എന്നിവ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ക്യൂ.ആർ. കോഡ് സംവിധാനം നിലവിൽ വന്നിട്ടുണ്ട്. മോട്ടോർ വെഹിക്കിൽ ഡിപ്പാർട്ട്മെന്റ് ബന്ധപ്പെട്ട ഡ്രൈവർമാർക്ക് ട്രൈയിനിംഗ് നൽകിയിട്ടുണ്ട്.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മേളയ്ക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോട് കൂടിയ സ്റ്റിക്കറുകൾ പതിക്കും.
 
വെൽഫയർ
 
അടിയന്തര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർമാരുടെ സേവനവും, ആംബുലൻസും എല്ലാ വേദികളിലും ഒരുക്കിയിട്ടുണ്ട്.  ആരോഗ്യ സംരക്ഷണത്തെപ്പറ്റി ഒരു മിനിട്ട് ദൈർഘ്യമുളള വീഡിയോ ഉണ്ടാകും. ശുചിത്വം, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഫ്ളാഷ് 
മോബ് സംഘടിപ്പിക്കും. 25 വേദികളിലും മെഡിക്കൽ ടീമും, കൗൺസിലർ ടീമും നിയോഗിക്കുന്നതിനുളള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 
എല്ലാ വേദിയിലും കുടിവെള്ള വിതരണത്തിനായി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. വേദികളിലും, അക്കോമഡേഷൻ സെന്ററുകളിലും ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹരിത കർമ്മസേനയുടെ സേവനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 
 
ലാ ആന്റ് ഓർഡർ
 
പോലീസ് വകുപ്പുമായി ചേർന്നുകൊണ്ട് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലെ എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ്, ജെ.ആർ.സി, സോഷ്യൽ സർവ്വീസ് സ്‌കീം എന്നീ വിഭാഗങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറ് കുട്ടികളുടെ സേവനം എല്ലാ വേദികളിലും ലഭ്യമാക്കുന്നതാണ്. മുഖ്യ വേദിയിലെ വാഹന പാർക്കിംഗിനായി ആറ്റുകാൽ ടെംബിൾ പാർക്കിംഗ് ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, എം.ജി.കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ  ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മത്സര വേദികളിലേയും, നഗരത്തിലേയും ക്രമസമാധാനപാലനത്തിനും ഗതാഗത  ക്രമീകരണത്തിനുമായി സിറ്റി പോലീസ് കമ്മീഷണുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  സുരക്ഷാ സംവിധാനത്തിനായി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വേദിക്കരികിൽ കൺട്രോൾ റൂമും മറ്റ് വേദികളുടെ സമീപത്ത് ഔട്ട് പോസ്റ്റുകളുമുണ്ടാകും. ഷാഡോ പോലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ജില്ലാ  ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ വേദികളിലേയും, അക്കോമെഡേഷൻ സെന്ററുകളുടേയും സുരക്ഷിതത്വം ഉറപ്പ് വരുത്തിയിട്ടുണ്ട്.
 
ട്രോഫി
 
ആയിരത്തി തൊള്ളായിരത്തി എൺപത്തിയാറിൽ തൃശ്ശൂരിൽ വച്ച് നടന്ന ഇരുപത്തിയെട്ടാം കേരള സ്‌കൂൾ കലോത്സവത്തിൽ  നിലവിൽ വന്ന നൂറ്റി പതിനേഴര പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പ് ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ജില്ലയ്ക്ക് നൽകും. കഴിഞ്ഞ വർഷം നടന്ന കലോത്സവത്തിൽ കണ്ണൂർ ജില്ലയാണ് ജേതാക്കളായത്.  കാസർകോട് നിന്ന് ആരംഭിച്ച സ്വർണ്ണകപ്പ് ഘോഷയാത്ര 3 ന് രാവിലെ തിരുവനന്തപുരം ജില്ലയിൽ എത്തിച്ചേരുകയും വിവിധ സ്‌കൂളുകളിൽ സ്വീകരണം നൽകുകയും ചെയ്യും.  വൈകുന്നേരം 5 മണിയോടെ പി.എം.ജി. യിൽ എത്തിച്ചേരുന്ന ഘോഷയാത്രയിൽ ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പൊതു
വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി സ്വർണ്ണകപ്പ് ഏറ്റുവാങ്ങുന്നതാണ്.  തുടർന്ന് ഘോഷയാത്ര കലോത്സവത്തിന്റെ മുഖ്യ വേദിയായുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതുമാണ്. കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ട്രോഫി നൽകുന്നതാണ്. 
 
സംസ്‌കൃതോത്സവം
 
ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്., ഗവൺമെന്റ് മോഡൽ എൽ.പി.എസ്. തൈയ്ക്കാട് എന്നീ സ്‌കൂളുകളിലാണ് സംസ്‌കൃതോത്സവം നടക്കുന്നത് സംസ്‌കൃത സെമിനാറും, പണ്ഡിത സമാദരണവും ഇതോടൊപ്പം നടക്കുന്നതാണ്. 
 
അറബിക് കലോത്സവം
 
ശിശു ക്ഷേമ സമിതി ഹാൾ തൈയ്ക്കാട്, ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. തൈയ്ക്കാട്  എന്നീ വേദികളിലാണ് അറബിക് കലോത്സവം നടക്കുന്നത്.  അറബിക് എക്സിബഷൻ ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. വേദികളിൽ രണ്ട് ഷിഫ്റ്റുകളിലായി അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
 
മീഡിയ
 
അംഗീകൃത മീഡിയകൾക്ക് മാത്രമേ മീഡിയ പവലിൻ അനുവദിക്കുകയുളളൂ. മീഡിയ പ്രവർത്തകർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും.
മീഡിയ പാസ്സ് കമ്മിറ്റി അടിച്ച് വിതരണം ചെയ്യും.കലോത്സവ വാർത്തകൾ തൽസമയം നൽകുന്നതിന് ചാനലുകൾക്കും പത്രങ്ങൾക്കും മുഖ്യവേദിക്ക് സമീപം സ്റ്റാളുകൾ ലഭ്യമാക്കിയിട്ടുണ്ട്.  മുഖ്യ വേദിയിൽ മീഡിയ പവലിൻ  ഉണ്ടായിരിക്കും. 
 
ഗ്രീൻ പ്രോട്ടോകോൾ
 
അദ്ധ്യാപകർ. പി.റ്റി.എ, ശുചിത്വ മിഷൻ, ഹരിത മിഷൻ, കുടുംബശ്രീ, തിരുവനന്തപുരം കോർപ്പറേഷൻ, നാഷണൽ ഗ്രീൻ കോർപ്സ്, എക്കോ ക്ലബുകൾ, എന്നിവരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്.  അച്ചടി മാധ്യമങ്ങൾ, ദൃശ്യ മാധ്യമങ്ങൾ എഫ്.എം റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെ മാലിന്യ മുക്ത കലോത്സവത്തിന് വേണ്ടി പ്രചാരണം നടത്തി വരുന്നു. പ്രചരണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ തീരുമാന പ്രകാരം കേരള സ്‌കൂൾ കലോത്സവം ഹരിത കലോത്സവമായി പ്രഖ്യാപിച്ചു. എല്ലാ വേദികളിലും മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഈറ കൊണ്ടുള്ള കുട്ടകളും, ഓല കൊണ്ടുള്ള വല്ലങ്ങളും സ്ഥാപിക്കും. ഹരിത ചട്ടങ്ങൾ നിർദ്ദേശിക്കുന്ന 
ബാനറുകൾ എല്ലാ വേദികളിലും സ്ഥാപിക്കും. ജനുവരി 4 ന് രാവിലെ 9.00 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 
പൊതുവിദ്യാഭ്യാസ ഡയറക്ടർ  ശ്രീ.ഷാനവാസ് എസ് ഐ.എ.എസ് പതാക ഉയർത്തുന്നതാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സ്‌കൂൾ കലോത്സവം ഒന്നാം വേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. റാണി ജോർജ്ജ് ഐ.എ.എസ്. സ്വാഗതം ആശംസിക്കും. 
 
മന്ത്രിമാരായ അഡ്വ.ജി.ആർ.അനിൽ, ശ്രീ.കെ.രാജൻ, ശ്രീ.എ.കെ.ശശീന്ദ്രൻ,  ശ്രീ.റോഷി അഗസ്റ്റിൻ, ശ്രീ.ബാലഗോപാൽ തുടങ്ങി 29 വിശിഷ്ട വ്യക്തികളായി മുഖ്യാതിഥികളായി പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഒന്നാം വേദിയിൽ ഹൈസ്‌കുൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരം ആരംഭിക്കും. ആദ്യദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. 
 
ജനുവരി 8-ന് ബുധൻ വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനവും നടക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം  ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. 
പ്രശസ്ത ചലച്ചിത്ര താരം ശ്രീ. ടോവിനോ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.
 
 ഈസ്റ്റ് ഫോർട്ടിൽ ട്രാഫിക് നിയന്ത്രണം
 
സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കാലയളവിൽ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകും. 
കിഴക്കേകോട്ട മുതൽ ഗണപതി ക്ഷേത്രം വരെ റോഡിന്റെ ഇരുവശങ്ങളിലും കെ.എസ്.ആർ.ടി.സി. യുടെയും സ്വകാര്യ വാഹനങ്ങളിടെയും സർവ്വീസ് നടത്താൻ അനുവദിക്കില്ല. ഈ ഭാഗങ്ങളിൽ നിന്നുള്ള സർവ്വീസുകൾ അട്ടക്കുളങ്ങര വെട്ടിമുറിച്ച കോട്ട, 
കോട്ടയ്ക്കകം, പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും സർവ്വീസ് നടത്തും.