5 kg of rice each for students enrolled in mid-day meal scheme

ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് 5 കിലോഗ്രാം വീതം അരി

ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 27.50 ലക്ഷം വിദ്യാർത്ഥികൾക്ക് 5 കിലോഗ്രാം വീതം അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല പ്രവർത്തനം തിരുവനന്തപുരത്ത് ആരംഭിച്ചു. സംസ്ഥാനത്തെ 12040 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് കുട്ടിയൊന്നിന് 5 കിലോഗ്രാം വീതം അരിയാണ് വിതരണം ചെയ്യുന്നത്. ഇതിൽ 2,32,786 കുട്ടികൾ പ്രീ-പ്രൈമറി വിഭാഗത്തിലും 14,57,280 കുട്ടികൾ പ്രൈമറി വിഭാഗത്തിലും 10,59,934 കുട്ടികൾ അപ്പർ പ്രൈമറി വിഭാഗത്തിലും ഉൾപ്പെടുന്നു.
13,750 മെട്രിക് ടൺ അരിയാണ് വിതരണത്തിനായി ആകെ വേണ്ടിവരുന്നത്.

ഭക്ഷ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് അരി വിതരണം നടത്തുന്നത്. വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡാണ് (സപ്ലൈകോ) അരി സ്കൂളുകളിൽ എത്തിച്ചുനൽകുന്നത്. ഓണാവധി ആരംഭിക്കുന്നതിനു മുൻപായി അരി വിതരണം പൂർത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സപ്ലൈക്കോയുമായി ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ട്.
വിതരണത്തിനായി സ്കൂളുകളിൽ എത്തിച്ചുനൽകുന്ന അരി പി.ടി.എ, സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റി, എസ്.എം.സി, മദർ പി.ടി.എ എന്നിവയുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും ഏറ്റുവാങ്ങി, തുടർന്ന് അത് അളവിൽ കുറയാതെ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുവാൻ എല്ലാ സ്കൂളുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിതരണം പൂർത്തീകരിക്കുന്നതുവരെ അരി കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കുവാനും സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്