ഉന്നതവിദ്യാഭ്യാസ ക്യാമ്പസുകൾ ലഹരിമുക്തമാക്കാൻ ഇനി 'ആസാദ്' കർമ്മസേനയും

  ക്യാമ്പസുകൾ ലഹരിമുക്തമാക്കാൻ ഇനി ‘ആസാദ്’ കർമ്മസേനയും

എൻഎസ്എസ് വളണ്ടിയർമാരെയും എൻസിസി കേഡറ്റുമാരെയും ചേർത്തുള്ള ലഹരിവിരുദ്ധ കർമ്മസേനയായ ഏജന്റ്സ് ഫോർ സോഷ്യൽ അവെയർനെസ്സ് എഗൈൻസ്റ്റ് ഡ്രഗ്സ് (ASAAD) നിലവിൽ വന്നു. ലഹരിമുക്ത ക്യാമ്പസുകൾ ലക്ഷ്യമിട്ടുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ബോധപൂർണ്ണിമ’ ക്യാമ്പയിനിന്റെ ഭാഗമായാണ് ‘ആസാദ്’ കർമ്മസേന.
ഓരോ കലാലയത്തിലെയും എൻഎസ്എസ് – എൻസിസി വിഭാഗം വിദ്യാർഥികളിൽനിന്നും തിരഞ്ഞെടുക്കുന്ന പത്തുപേർ വീതമുള്ള (ആകെ 20) വളണ്ടിയർമാർ ചേരുന്നതാണ് ക്യാമ്പസ് തല ‘ആസാദ്’ കർമ്മസേന. ഓരോ ‘ആസാദും’ മൂന്നുവർഷക്കാലം ലഹരിവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളിയാവും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയർമാർക്ക് മാർഗ്ഗനിർദ്ദേശവും പരിശീലനവും ഇവർ നൽകും. തിരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയർമാർക്ക് കൗൺസലിംഗ്, നിയമാവബോധം, ആശയവിനിമയ നൈപുണി എന്നിവയ്ക്ക് മികച്ച പരിശീലനം നൽകും. മികച്ച ‘ആസാദു’മാരെ ക്യാമ്പസ് – ജില്ല – സംസ്ഥാന തലങ്ങളിൽ ആദരിക്കുകയും സാക്ഷ്യപത്രങ്ങൾ നൽകുകയും ചെയ്യും.

പ്രിൻസിപ്പാൾ ചെയർമാനും എൻഎസ്എസ് പ്രോഗ്രാം ഓഫീസറും എൻസിസി ഓഫീസറും മെമ്പർ സെക്രട്ടറിമാരുമായിട്ടാണ് ‘ആസാദ്’ ക്യാമ്പസ് തല ഭരണസംവിധാനം. മുതിർന്ന അധ്യാപകർ, പിടിഎ പ്രതിനിധി, എൻഎസ്എസ് – എൻസിസി വിദ്യാർത്ഥി പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധി, ഹെൽത്ത് ഇൻസ്‌പെക്ടർ, പോലീസ്-എക്സൈസ് വകുപ്പ് പ്രതിനിധികൾ, സാമൂഹ്യനീതി വകുപ്പ് പ്രതിനിധി, രണ്ട് പ്രാദേശിക സാമൂഹ്യപ്രവർത്തകർ എന്നിവർ ‘ആസാദ്’ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടാവും. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളും തിരഞ്ഞെടുത്ത പ്രാദേശിക യുവജന ക്ളബ്ബുകളുടെ പ്രതിനിധികളും ക്ലാസ് പ്രതിനിധികൾ, പൂർവ്വവിദ്യാർഥിപ്രതിനിധി, വിരമിച്ച അധ്യാപകരും മറ്റു ജീവനക്കാരും എന്നിവർ ഉൾപ്പെട്ടതാണ് ജനറൽ ബോഡി. എല്ലാ മൂന്നു മാസത്തിലും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരും. മെമ്പർ സെക്രട്ടറിമാർ അതിൽ പ്രവർത്തന റിപ്പോർട്ടു വെക്കും. എല്ലാ അധ്യയനവർഷാരംഭത്തിലും അവസാനത്തിലും ജനറൽ ബോഡി യോഗം ചേരും. പ്രവർത്തനറിപ്പോർട്ട് അവർക്കും ലഭ്യമാക്കും.

ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധി അധ്യക്ഷനായിട്ടാവും ‘ആസാദ്’ ജില്ലാതല ഭരണ സംവിധാനം. എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ, എൻസിസി പ്രതിനിധി, എക്സൈസ്-പോലീസ്-ആരോഗ്യ വകുപ്പ് പ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് പ്രതിനിധി, സാമൂഹ്യനീതി വകുപ്പ് പ്രതിനിധി, രണ്ട് സാമൂഹ്യപ്രവർത്തകർ, രണ്ട് വിദ്യാർത്ഥിപ്രതിനിധികൾ എന്നിവരും ജില്ലാതല സംവിധാനത്തിൽ ഉണ്ടാവും. എല്ലാ അധ്യയനവർഷാരംഭത്തിലും ജില്ലാതല കമ്മിറ്റി യോഗം ചേർന്ന് നടപ്പുവർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് രൂപരേഖയുണ്ടാക്കി ക്യാമ്പസ് തല കമ്മിറ്റികൾക്ക് എത്തിക്കും.

‘ആസാദ്’ അംഗങ്ങൾക്ക് പൊതുവായ പെരുമാറ്റച്ചട്ടത്തിനും രൂപം നൽകി. സ്ഥാപനത്തിലും സമൂഹത്തിലും പരമാവധി അച്ചടക്കം പാലിക്കൽ, പ്രശ്നങ്ങളെ തികഞ്ഞ സമചിത്തതയോടെ സമീപിക്കൽ, ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗമോ വില്പനയോ ശ്രദ്ധയിൽ പെട്ടാൽ തന്ത്രപരമായ സമീപനം കൈക്കൊണ്ട് സ്ഥാപനമേധാവിയെയോ മെമ്പർ സെക്രട്ടറിമാരെയോ എക്സൈസ്-സാമൂഹ്യനീതി വകുപ്പുദ്യോഗസ്ഥരെയോ അറിയിക്കൽ, പരമാവധി ദയയും സഹാനുഭൂതിയും പുലർത്തി എല്ലാ വിഭാഗം വിദ്യാർത്ഥികളുടെയും സമ്മതി നേടൽ, സാമൂഹ്യവിരുദ്ധശക്തികളുമായും ലഹരിവിതരണക്കാരുമായും യാതൊരുവിധ തർക്കങ്ങളും ബലപ്രയോഗങ്ങളും ഉണ്ടാവാതെ ശ്രദ്ധിക്കൽ എന്നിവ ഇതിൽപ്പെടും.

എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളിൽ ലഹരി ഉപഭോഗം നിരുത്സാഹപ്പെടുത്തുക, ആവശ്യം വരുന്ന പക്ഷം കൗൺസലിംഗ് നടപടികൾക്ക് ശുപാർശ ചെയ്യുക, ഉപയോഗം ശ്രദ്ധയിൽ പെടുമ്പോൾ ഉത്തരവാദപ്പെട്ടവർക്ക് വിവരം നൽകുക തുടങ്ങി, ലഹരി വിപത്തിനെതിരെ നിരന്തരബോധവത്കരണത്തിന് നേതൃത്വം നൽകലും സാമൂഹ്യമാധ്യമങ്ങൾ വഴിക്കും സൗഹൃദ കൂട്ടായ്‍മകൾ വഴിക്കും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കലും ‘ആസാദ്’ മുഖ്യകർത്തവ്യങ്ങളായി ഏറ്റെടുക്കും. വിദ്യാർത്ഥികളെയും ഒപ്പം പൊതുജനങ്ങളെയും ലക്ഷ്യമിട്ട് ബോധവത്കരണ പ്രവർത്തനങ്ങൾ (തെരുവുനാടകങ്ങൾ, ഫ്‌ളാഷ്‌മോബ്, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും), പ്രതിരോധ നടപടികൾ (നിരന്തരനിരീക്ഷണം, സഹപാഠികളുടെ അസ്വാഭാവിക പ്രവർത്തനങ്ങൾ നിരീക്ഷിക്കൽ, വിവരശേഖരണവും കൈമാറ്റവും മുതലായവ), പുനരധിവാസം (പിക്ക് എ ഫ്രണ്ട്, ബ്രിങ് ബാക്ക് ടു സ്‌കൂൾ പദ്ധതികൾ) എന്നിവയാവും ‘ആസാദി’ന്റെ പൊതുപ്രവർത്തനരീതി.