Along with infrastructure development in ITIs, steps are also being taken to improve training quality

ഐ.ടി.ഐകളിൽ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പരിശീലന മേന്മ വർദ്ധിപ്പിക്കാനും നടപടി

ഐ.ടി.ഐകളിൽ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പരിശീലന മേന്മ വർദ്ധിപ്പിക്കാനും നടപടിയുണ്ടാകും. ഐ.ടി.ഐ വിജയിക്കുന്ന ട്രെയിനികൾക്ക് ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളാണ് ലഭ്യമാക്കുക എന്നതാണ് ഐ.ടി.ഐകളിൽ പ്രവർത്തിക്കുന്ന പ്ലേസ്മെന്റ് സെല്ലകളിലൂടെയും വ്യാവസായിക പരിശീലന വകുപ്പ് ഒരോ വർഷവും സംഘടിപ്പിക്കുന്ന സ്പെക്ട്രം ജോബ് ഫെയറിലൂടെയും സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നു.

നിലവിൽ വകുപ്പിന്റെ കീഴിലുളള എല്ലാ മേജർ ഐ.ടി.ഐകളും കമ്പ്യൂട്ടർ അധിഷ്ഠിത കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നതിനാൽ ട്രെയിനികൾക്ക് ഏറെ ദൂരം യാത്ര ചെയ്യാതെ തന്നെ ഡി.ജി.റ്റി. നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിക്കുന്നു എന്നത് എടുത്ത് പറയത്തക്ക നേട്ടമാണ്. കൂടുതൽ ഐ.ടി.ഐകളിൽ ഇത്തരം പരീക്ഷാകേന്ദങ്ങൾ ക്രമീകരിക്കുന്നതിന് വകുപ്പിന്റെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉണ്ടാകും.

2022 ആഗസ്റ്റ് മാസത്തിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് നിശ്ചിത സമയത്തിനുളളിൽ പൂർത്തിയാക്കുവാനും സെപ്റ്റംബർ 7 ന് തന്നെ റിസൾട്ട് പ്രഖ്യാപിക്കുവാനും വ്യാവസായിക പരിശീലന വകുപ്പ് പരീക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ കഴിഞ്ഞിട്ടുണ്ട്.

വളരെ തിളക്കമാർന്ന വിജയമാണ് അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ സംസ്ഥാനത്തിന് ഇക്കൊല്ലം നേടാൻ കഴിഞ്ഞത്. സംസ്ഥാനത്തെ വിവിധ ഐ.ടി.ഐകളിൽ 76 ക്രാഫ്റ്റ്സ്മാൻ ട്രെയിനിംഗ് സ്കീം ട്രേഡുകളിലായി പരിശീലനം നേടിയ 50,000 ട്രെയിനികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഇതിൽ സംസ്ഥാനത്തിന്റെ വിജയ ശതമാനം 92 ആണ്. ദേശീയ തലത്തിൽ 54 ട്രേഡുകളിൽ കേരളത്തിൽ നിന്നുളള ട്രെയിനികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ദേശീയ റാങ്ക് ജേതാക്കൾ ആയിട്ടുണ്ട്.