തിരഞ്ഞെടുക്കപ്പെട്ട ഐ ടി ഐ കളിൽ നൂതന കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.
തുറമുഖ മേഖലയിൽ നിരവധി തൊഴിൽ ലഭിക്കാൻ ഉതകുന്ന എൻസിവിടിയുടെ മറൈൻ ഫിറ്റർ, വെസൽ നാവിഗേറ്റർ എന്നീ സിടിഎസ് കോഴ്സുകൾക്ക് പുറമേ ലോജിസ്റ്റിക് മേഖലയുമായി ബന്ധപ്പെട്ട നാഷണൽ ക്വാളിഫിക്കേഷൻ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹ്രസ്വകാല കോഴ്സുകളും തിരഞ്ഞെടുക്കപ്പെട്ട ഐ ടി ഐ കളിൽ ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. നിർമ്മാണം പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖം വലിയ തൊഴിൽ സാധ്യത നൽകുന്നു. മറൈൻ മേഖലയുമായി ബന്ധപ്പെട്ട ട്രേഡുകൾ ഐ ടി ഐകളിൽ തുടങ്ങുന്നതിനാവശ്യമായ സാധ്യതാ പഠനം നടത്തും.
ഐ ടി ഐ വിദ്യാർഥികൾക്ക് പരിശീലന കാലത്ത് തന്നെ വ്യാവസായിക സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം ലഭിക്കുന്നതിന്
നടപടി സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്തെ എല്ലാ ഐ ടി ഐ വിദ്യാർഥികൾക്കും പ്രതിവർഷം 150 മണിക്കൂർ പ്രായോഗിക പരിശീലനം ബന്ധപ്പെട്ട വ്യാവസായിക സ്ഥാപനങ്ങളിൽ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. നിലവിൽ 19 സർക്കാർ ഐ ടി ഐ കളിൽ വ്യാവസായിക സ്ഥാപനങ്ങളുമായി സഹകരിച്ച് ഓൺ ദ ജോബ് പരിശീലനം കഴിഞ്ഞ വർഷം മുതൽ നൽകി വരുന്നുണ്ട്.