Direct intervention in the second phase of the shield

കവച് രണ്ടാം ഘട്ടത്തിൽ നേരിട്ടുള്ള ഇടപെടൽ

നേരിട്ടുള്ള കൂടുതൽ ഇടപെടലുകൾക്ക് പ്രാധാന്യം നൽകികൊണ്ട് അതിഥി തൊഴിലാളികൾക്കായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന സംസ്ഥാന സർക്കാരിന്റെ കവച് ലഹരി വിരുദ്ധ പരിപാടി ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ് ക്യാമ്പയിൻ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് .

സംസ്ഥാനത്തെ എല്ലാ അതിഥിതൊഴിലാളി ക്യാമ്പുകളിലും, തൊഴിലിടങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ലഹരി വ്യാപന സാധ്യതകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുകയും ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുകയും ചെയ്യും.

ക്യാമ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപഭോഗമോ വിനിമയമോ വ്യാപനമോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ്, എക്സൈസ് വകുപ്പുകളുമായി ചേർന്നു കർശന നടപടികൾ സ്വീകരിക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ലഹരി വിമുക്തിക്കും ആരോഗ്യവകുപ്പുമായി ചേർന്ന് പരിഹാരം കണ്ടെത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന് കേരളത്തിന്റെ ഉത്പാദന സേവന,വിതരണ മേഖലകളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി അതിഥിത്തൊഴിലാളികൾ മാറി. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ ഒട്ടേറെ ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. എന്നാൽ അവർക്കിടയിൽ ഒറ്റപ്പെട്ട ചില ക്രിമിനൽ പ്രവണതകളും ലഹരി ഉപയോഗവും ഉണ്ടെന്നുള്ള റിപ്പോർട്ടുകളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിഥി തൊഴിലാളികളെ ലഹരിമാഫിയ ഉപയോഗിക്കുന്നതായും അവരിൽ കമ്പോളം കണ്ടെത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കും.

ക്യാമ്പുകൾ സന്ദർശിക്കാനെത്തുന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് അതിഥിത്തൊഴിലാളികൾക്കിടയിൽ നിന്ന് വളന്റിയേഴ്സിനെ രൂപീകരിക്കും. ഇവർക്കു പരിശീലനവും നൽകും. ക്യാമ്പുകളിലെത്തുന്ന ഉദ്യോഗസ്ഥരോട് മയക്കുമരുന്ന് ഉപഭോഗവും വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാവുന്നതാണ്. വിവരം ലഭിക്കുന്ന ഉദ്യോഗസ്ഥൻ ഇത് സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട പോലീസ് – എക്സൈസ് – ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടതും ഈ വിഷയത്തിൽ നടപടികൾ സ്വീകരിച്ച വിവരം ഉറപ്പാക്കേണ്ടതുമാണ്. ലഹരിക്ക് അടിപ്പെട്ടവരുടെ മോചനത്തിന് ഉദ്യോഗസ്ഥർ സഹായകരവും മാതൃകാപരവുമായ നിലപാടുകൾ സ്വീകരിക്കും.